മോഷ്ടാവിൻ്റെ വീട്ടിൽ ചെന്നെത്തി മീശമാധവൻ പുരസ്കാരം നൽകി; തിരുവനന്തപുരത്ത് ബേക്കറി ഉടമയുടെ വ്യത്യസ്ത പ്രതികരണ വീഡിയോ,വൈറൽ

തിരുവനന്തപുരം:ബേക്കറിയിൽ കയറി ഭക്ഷണം കഴിച്ച്‌ മോഷണം നടത്തി മുങ്ങിയ യുവാവിനെ കണ്ടെത്തി വീട്ടിൽ ചെന്നെത്തി “മീശമാധവൻ പുരസ്കാരം 2025” നൽകി ആദരിച്ച ബേക്കറി ഉടമയുടെ നടപടി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. കടയ്ക്കാവൂരിലെ ബേക്കറി ഉടമ അനീഷ് ആണ് സ്വന്തം സ്ഥാപനത്തിൽ മോഷണം നടത്തിയയാളെ പിന്തുടർന്ന് കണ്ടെത്തി വ്യത്യസ്തമായി ‘അഭിനന്ദിച്ചത്’.കഴിഞ്ഞ എട്ടിന് രാത്രി ആയിരുന്നു സംഭവം. വർക്കല ഞെക്കാട് സ്വദേശി നബീബ് എന്ന യുവാവ് ബേക്കറിയിൽ എത്തിയതിനു ശേഷം ലൈം ജ്യൂസും ഷവായും കഴിച്ച് ചില സാധനങ്ങൾ എടുത്ത് കടയിൽ നിന്ന് ഇറങ്ങി. കൗണ്ടറിലെത്താതെ ഇറങ്ങുന്നതു കണ്ട ഉടമ അനീഷ് ചോദിച്ചപ്പോൾ “വെറുതെ കയറിയതാണെന്ന്” മറുപടി.

Advertisements

പിന്നീട് സ്റ്റാഫിനോട് അന്വേഷിച്ചപ്പോൾ ഇയാൾ ഭക്ഷണവും സാധനങ്ങളും എടുത്തതാണെന്ന് മനസിലായി.അനീഷ് പുറത്തേക്ക് എത്തിയപ്പോഴേക്കും യുവാവ് സ്കൂട്ടറിൽ കയറി മുങ്ങിയിരുന്നു. ഉടമ ഉടൻ തന്നെ ഷോപ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. അതിലൂടെ ഒരാൾ വിളിച്ച്‌ യുവാവിനെ തിരിച്ചറിഞ്ഞതോടെ അന്വേഷണം മുന്നോട്ടുപോയി.മൂന്നാം ദിവസം, അനീഷ് തന്നെയാണ് മൊമെൻ്റോയും പൊന്നാടയും വാങ്ങി നബീബിന്റെ വീടിനടുത്തെത്തി, ‘മീശമാധവൻ പുരസ്കാരം 2025’ എന്ന പേരിൽ ആദരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഷണദൃശ്യങ്ങളും ഉൾപ്പെടുത്തിയ മൊമെൻ്റോയാണ് സമ്മാനിച്ചത്.“മോഷ്ടാക്കൾക്ക് ശാസനയല്ല, ഒരു പാഠം വേണം. അതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. ഭക്ഷണം കഴിക്കാൻ പണമില്ലാത്തവർക്ക് എപ്പോഴും സൗജന്യമായി നൽകാറുണ്ട്. പക്ഷേ, കബളിപ്പിച്ച്‌ മോഷണം നടത്തിയതിനാലാണ് ഇങ്ങനെ ചെയ്തതെന്ന്” അനീഷ് പറഞ്ഞു.തനിക്കും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും, നിരന്തരം കടയിൽ മോഷണം നടക്കാറുണ്ടെന്നും, ഇതൊരു വ്യത്യസ്തമായ പ്രതിഷേധമാണെന്നും അദ്ദേഹം വ്യക്തമാക്കി.സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ പൊലീസ് പരാതിയും സ്വീകരിച്ചു. നാട്ടുകാർ പറയുന്നത്, നബീബ് മുമ്പും ചെറിയ മോഷണകേസുകളിൽ ഉൾപ്പെട്ടയാളാണെന്നാണ്.

Hot Topics

Related Articles