തിരുവനന്തപുരം: വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വീകരിക്കുന്ന സമീപനങ്ങളെ വിമർശിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. വി.സിയെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണെന്നും, കോടതി നേരിട്ട് വി.സിയെ തീരുമാനിക്കുന്നത് ശരിയായ നടപടിയല്ലെന്നും ഗവർണർ വ്യക്തമാക്കി.മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കവെയാണ് ഗവർണറുടെ വിമർശനം. യു.ജി.സി ചട്ടങ്ങളിലും, മുൻപ് സുപ്രീംകോടതി തന്നെ പുറപ്പെടുവിച്ച കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട വിധിയിലും, വി.സിയെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണെന്ന് വ്യക്തമായി വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ നിലവിലെ സാഹചര്യത്തിൽ കോടതി ഈ അധികാരപരിധിയിലേക്ക് കടന്നുകയറുകയാണെന്നും, അത് മുൻ സുപ്രീംകോടതി വിധികൾക്ക് പോലും വിരുദ്ധമാണെന്നും ഗവർണർ വിമർശിച്ചു. കോടതി നേരിട്ട് വി.സിയെ നിയമിക്കാൻ ശ്രമിക്കുന്നത് ഭരണഘടനാപരമായ ചുമതലകളുടെ അതിർത്തി ലംഘിക്കുന്ന നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.‘യതോ ധർമ്മസ്തതോ ജയഃ’ എന്ന തത്വമാണ് കോടതികൾ പിന്തുടരേണ്ടതെന്നും, മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്ത് ചെയ്യുന്നത് ശരിയല്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിയമം പാലിക്കാൻ നിർദ്ദേശം നൽകുക മാത്രമാണ് കോടതിയുടെ പങ്കെന്നും, ‘നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്തോളാം’ എന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഓരോരുത്തരുടെയും ചുമതലകൾ പരസ്പരം ബഹുമാനിക്കപ്പെടണം. സേർച്ച് കമ്മിറ്റിയെ രൂപീകരിച്ച് കോടതി തന്നെ വൈസ് ചാൻസലറെ തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു.


