കോട്ടയം : കോട്ടയം നഗരസഭയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ മധുരം വിതരണം ചെയ്ത് പ്രതിഷേധം. ഇന്ന് രാവിലെ ആയിരുന്നു കോട്ടയം നഗരസഭയിൽ വ്യത്യസ്തകരമായ പ്രതിഷേധം അരങ്ങേറിയത്. കോട്ടയം ചിങ്ങവനം സ്വദേശിയായ സലിമോനാണ് നഗരസഭ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെയും തനിക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾക്കെതിരെയും വ്യത്യസ്തകരമായ പ്രതിഷേധവുമായി രംഗത്ത് വന്നത്. ജൂലൈ 12 ആയിരുന്നു സലിമോന്റെ മകളുടെ കല്യാണ ആവശ്യത്തിനായി കോട്ടയം നഗരസഭയ്ക്ക് കീഴിലുള്ള മാമൻ മാപ്പിള ഹാൾ ബുക്ക് ചെയ്തത്.
കല്യാണത്തിനു ശേഷം ജൂലൈ 12ന് നൽകിയ ഡെപ്പോസിറ്റ് തുക തിരികെ നൽകാനുള്ള അപേക്ഷയും കോട്ടയം നഗരസഭയിൽ സമർപ്പിച്ചു. തുടർച്ചയായി ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല എന്നാണ് സലിമോൻ പറയുന്നത്. പിന്നീട് ഒക്ടോബർ 3 ശനിയാഴ്ചയാണ് ഡെപ്പോസിറ്റ് തുകയായ 10000 രൂപ തിരികെ നൽകുന്നത്.ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ കോട്ടയം നഗരസഭയിലേക്ക് സലിമോൻ എത്തുകയും ഉദ്യോഗസ്ഥർക്ക് ലഡു വിതരണം ചെയ്യുകയും ചെയ്തത്.


