തിരുവനന്തപുരം:ജനങ്ങളാണ് എൽഡിഎഫിന്റെ യഥാർത്ഥ കനലെന്നും, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് കൂടുതൽ സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മിഷൻ 110 പൂർണമായും സാധ്യമാണെന്നും അതിനുള്ള ആത്മവിശ്വാസത്തിന് ഉറച്ച അടിസ്ഥാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉണ്ടായത് പ്രാദേശിക തിരിച്ചടിമാത്രമാണെന്നും, അത് എൽഡിഎഫിന്റെ പൊതുസ്ഥിതിയെ ബാധിക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്ത് വർഷം മുൻപുള്ള കേരളത്തിന്റെ അവസ്ഥയും ഇന്നത്തെ സാഹചര്യവും തമ്മിലുള്ള താരതമ്യം ജനങ്ങളുടെ മനസ്സിൽ ഉയർന്നു വരുമെന്നും, ആ വിലയിരുത്തൽ എൽഡിഎഫിന്റെ ഗ്രാഫ് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷമായി കേരളം അനുഭവിക്കുന്നത് സർവതല വികസനമാണെന്നും, അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പ്രത്യേകത കേരളം നേടിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ഏതെങ്കിലും ഒരു പോസ്റ്റിലേക്ക് നിയമനം നേടാൻ കൈക്കൂലി നൽകേണ്ട സാഹചര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഈ മാറ്റത്തിൽ കാലത്തിന്റെ മാറ്റം മാത്രമല്ല, എൽഡിഎഫിനും നിർണായക പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ അതിശയകരമായ മുന്നേറ്റങ്ങളാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016-ൽ എൽഡിഎഫ് അധികാരത്തിലെത്തുമ്പോൾ ആയിരത്തോളം സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നുവെന്നും, 2016-ന് മുൻപ് ജൂൺ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ പാഠപുസ്തകങ്ങൾ ലഭിക്കാതെ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണം ചെയ്ത അവസ്ഥ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെ കരിവാരിത്തേയ്ക്കുന്ന തരത്തിലുള്ള വാർത്തകളും, അമേരിക്കൻ ഭീകരതയെ സ്വാഭാവികവത്കരിക്കുന്ന സമീപനവും ഒരേ രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.ജനങ്ങൾക്കെതിരായ രാഷ്ട്രീയ അജണ്ടയാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.


