മതേതരത്വം ബി.ജെ.പിക്ക് കയ്പേറിയ വാക്ക്’;ബി.ജെ.പിയുടെ അജണ്ട തമിഴ്നാട്ടിൽ നടപ്പാക്കാൻ അനുവദിക്കില്ല: എം.കെ. സ്റ്റാലിൻ

തിരുനെൽവേലി:ബി.ജെ.പിക്ക് ഏറ്റവും കയ്പേറിയ വാക്ക് മതേതരത്വമാണെന്നും, ആ വാക്ക് ഭരണഘടനയിൽ നിന്ന് തന്നെ ഇല്ലാതാക്കാൻ അവർ ശ്രമിക്കുകയാണെന്നും ആരോപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ബി.ജെ.പിയുടെ വിനാശകരമായ രാഷ്ട്രീയ പദ്ധതികൾക്കെതിരെ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) ശക്തമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച തിരുനെൽവേലിയിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. വിശ്വാസത്തിന്റെ വിത്തുകൾ വിതയ്ക്കുകയും കാരുണ്യവും സമാധാനവും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഉത്സവമാണ് ക്രിസ്മസെന്ന് അദ്ദേഹം പറഞ്ഞു.

Advertisements

ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും സഹോദരങ്ങളെപ്പോലെ ഐക്യത്തോടെ ജീവിക്കേണ്ടതിന്റെ ആവശ്യകത ഇത്തരം ആഘോഷങ്ങൾ ഓർമ്മിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിലെ പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് അടിത്തറ ഒരുക്കിയ സ്ഥാപനങ്ങളിൽ സാറാ ടക്കർ കോളേജിന് വലിയ പങ്കുണ്ടെന്നും, തിരുനെൽവേലിയിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം സാധ്യമാക്കുന്നതിൽ ക്രിസ്ത്യൻ മിഷനറിയായിരുന്ന സാറാ ടക്കർ നൽകിയ സേവനങ്ങൾ അഭിനന്ദനാർഹമാണെന്നും സ്റ്റാലിൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


തമിഴ്നാട്ടിലെ സമാധാനം തകർക്കാനും, ഐക്യത്തോടെ ജീവിക്കുന്ന ജനങ്ങളെ വിഭജിക്കാനും ചിലർ ശ്രമിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ആത്മീയതയുടെ പേരിൽ അക്രമത്തിലേക്ക് നയിക്കുന്ന സംഘടനകളെ സംസ്ഥാന സർക്കാരും ഡി.എം.കെ യും ശക്തമായി ചെറുക്കുമെന്നും മുന്നറിയിപ്പ് നൽകി.
ന്യൂനപക്ഷങ്ങളുടെ ക്ഷേമം യഥാർത്ഥത്തിൽ സംരക്ഷിക്കുന്ന പ്രസ്ഥാനമാണ് ഡി.എം.കെ യെന്നും, പാർട്ടി അധികാരത്തിലിരുന്ന കാലഘട്ടം ന്യൂനപക്ഷ ക്ഷേമത്തിനായുള്ള ഒരു സുവർണ്ണകാലമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡി.എം.കെ നയിച്ച സർക്കാരുകൾ നിരവധി ക്ഷേമപദ്ധതികളും സംരംഭങ്ങളും നടപ്പാക്കിയതായും സ്റ്റാലിൻ പറഞ്ഞു.
ബി.ജെ.പിക്ക് മതേതരത്വം എന്ന ആശയത്തോടുള്ള വെറുപ്പ് പരസ്യമാണെന്നും, ന്യൂനപക്ഷ സമുദായങ്ങൾക്ക് കേന്ദ്ര സർക്കാർ ഭീഷണി ഉയർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമം (സി.എ.എ) കൊണ്ടുവന്നപ്പോൾ ഡി.എം.കെ ശക്തമായി എതിർത്ത് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതായും സ്റ്റാലിൻ ഓർമ്മിപ്പിച്ചു.
‘ബി.ജെ.പിക്ക് മതേതരത്വം എന്ന വാക്ക് വേപ്പിൻകായ പോലെ കയ്പേറിയതാണ്. അതിനെ ഭരണഘടനയിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് അവരുടെ ആഗ്രഹം,’ സ്റ്റാലിൻ പറഞ്ഞു.രാജ്യത്തിന്റെ വൈവിധ്യവും ബഹുസ്വരതയും നശിപ്പിക്കാനാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും, തമിഴ്നാട്ടിലും അവരുടെ അജണ്ട നടപ്പാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിന് ഡി.എം.കെ ഒരിക്കലും വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles