ചെടിച്ചട്ടി ടെണ്ടർ കൈക്കൂലി; കളിമൺ പാത്ര നിർമ്മാണ വികസന കോർപ്പറേഷൻ ചെയർമാൻ വിജിലൻസിന്റെ പിടിയിൽ

തൃശ്ശൂർ :ചെടിച്ചട്ടി ടെണ്ടറുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ കളിമൺ പാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ കെ.എൻ. കുട്ടമണിയെ വിജിലൻസ് അറസ്റ്റ് ചെയ്തു.ചിറ്റിശേരി പ്രദേശത്തെ പാത്ര നിർമാണ യൂണിറ്റ് ഉടമകളിൽ നിന്ന് 3,642 ചെടിച്ചട്ടികൾക്കുള്ള ഓർഡറിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. ആദ്യം 25,000 രൂപ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിന്നീട് തുക കുറച്ച് 10,000 രൂപ ആയി.വളാഞ്ചേരി കൃഷിഭവൻ വഴിയാണ് ചെടിച്ചട്ടി വിതരണം നടത്തിയത്. ഓരോ ചട്ടിക്കും 95 രൂപ വിലയ്ക്ക് ടെണ്ടർ നേടിയിട്ടുണ്ടെങ്കിലും തുടർ നടപടികൾ ഉണ്ടായിരുന്നില്ല. പരാതികളോടെ മുന്നോട്ട് പോകാൻ തുടങ്ങിയപ്പോൾ തന്നെയാണ് കൂടുതൽ ഓർഡർ നൽകണമെങ്കിൽ ചട്ടി ഒന്നിന് 3 രൂപ വീതം കൈക്കൂലി വേണമെന്ന് കുട്ടമണി ആവശ്യപ്പെട്ടതെന്ന് പരാതിക്കാർ വ്യക്തമാക്കി.കൈക്കൂലി ഇടപാട് നടന്ന് കൊണ്ടിരിക്കെ തൃശ്ശൂർ വടക്കേസ്റ്റാന്റിലെ കോഫി ഹൗസിൽ വിജിലൻസ് കുട്ടമണിയെ പിടികൂടി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവുമാണ് അദ്ദേഹം.

Advertisements

Hot Topics

Related Articles