തിരുവനന്തപുരം:നിയമസഭയിൽ ചീഫ് മാർഷലിനെ മർദിച്ചതിന് മൂന്ന് യുഡിഎഫ് എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്, എം. വിൻസന്റ് എന്നിവരെയാണ് സഭ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ സംഘര്‍ഷങ്ങളും അനര്‍ഹമായ പെരുമാറ്റവും പരിഗണിച്ചാണ് നടപടി.സഭയിലെ നിയമനടപടികളുടെ ഭാഗമായി സഭാ കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കറുടെ അനുമതിയോടെ പാസാക്കി. സസ്പെൻഷൻ നിലവിലുള്ള സമ്മേളനകാലയളവിനാണ് ബാധകമാകുന്നത്.
സസ്പെൻഡ് ചെയ്ത എംഎൽഎമാർ മുഖ്യമന്ത്രിക്കെതിരെ ആക്രമണശ്രമം നടത്തിയതും, അനുമതിയില്ലാതെ ബെല്ലുകൾ മുഴക്കിയതും, സ്പീക്കറുടെ ചെയറിലേക്ക് കടന്നുകയറാൻ ശ്രമിച്ചതും, വനിതാ വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥരെ ആക്രമിച്ചതും, സഭയെ നിരന്തരം തടസ്സപ്പെടുത്തിയതും, സഭയുടെ അന്തസ്സിന് കളങ്കം വരുത്തിയതുമാണ് വ്യക്തമാക്കുന്നത്.അതിനിടെ, ശബരിമല സ്വർണ്ണപ്പാളി വിവാദം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇന്നും സഭ ബഹിഷ്കരിച്ചു. സഭയ്ക്കകത്തും പുറത്തും പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. സഭയ്ക്കുള്ളിലെ സംഘർഷത്തെ ഭരണപക്ഷം “ഗുണ്ടായിസം” എന്ന് വിശേഷിപ്പിച്ചു. ഉന്തിലും തള്ളിലും ചീഫ് മാർഷലിന് പരിക്കേറ്റു.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെയും പോലെയായിരുന്നു ഇന്ന് സഭയിലെ അന്തരീക്ഷം. ചോദ്യോത്തരവേള ആരംഭിച്ചതോടെയാണ് പ്രതിപക്ഷം വീണ്ടും പ്രതിഷേധം ആരംഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്പീക്കർ പതിവിൽ നിന്ന് വ്യത്യസ്തമായി കർക്കശമായ നിലപാടാണ് സ്വീകരിച്ചത്. പ്രതിപക്ഷത്തിന്റെ ബാനർ പിടിച്ചെടുക്കാൻ വാച്ച് ആൻഡ് വാർഡ് ജീവനക്കാർക്ക് സ്പീക്കർ നിർദേശം നൽകി.ബഹളത്തിനിടയിലും സ്പീക്കർ ചോദ്യോത്തരവേള പൂർത്തിയാക്കി, തുടർന്ന് ശൂന്യവേളയിലേക്ക് കടന്നപ്പോൾ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ഒടുവിൽ പ്രതിപക്ഷം ബഹിഷ്കരിച്ചു. പ്രതിപക്ഷം സഭ വിട്ടതിനെ തുടര്‍ന്ന് ബില്ലുകൾ പാസാക്കി.


