വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ 

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് നിർദേശം ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണെന്ന് ഓർത്തഡോക്സ് സഭ. ലഹരിക്ക് വീര്യം കുറഞ്ഞത് കൂടിയത് എന്ന വിശേഷണം തന്നെ ആവശ്യമില്ല. എല്ലാ ലഹരിയും വിഷമാണ്. ചെറിയ ലഹരി മിഠായികളിൽ നിന്നാണ് നമ്മുടെ പല കുട്ടികളും മാരക മയക്കുമരുന്നുകളുടെ പിടിയിലാകുന്നത്. വീര്യം കുറഞ്ഞ മദ്യം സുലഭമാക്കിയാൽ യുവസമൂഹം മാരക ലഹരി തേടി പോകില്ല എന്ന വാദം യുക്തി രഹിതമാണ്. 

Advertisements

ജനം മൃഗീയഭൂരിപക്ഷം നൽകി ഒരു സർക്കാരിനെ അധികാരത്തിലേറ്റിയിരിക്കുന്നത് ജനങ്ങൾക്ക് നൻമ ചെയ്യാനാണ്. ജനത്തെ ലഹരിയുടെ അടിമയാക്കാനല്ല. ഏത് സർക്കാർ വന്നാലും സഭയ്ക്ക് ഈ വിഷയത്തിൽ ഒരു നിലപാട് മാത്രമാണുള്ളത്. ആ നിലപാട് ലഹരിക്കെതിരാണ്. സ്ത്രീകളുടെ സൗജന്യ യാത്ര, വയോജന വകുപ്പ് തുടങ്ങിയ മാതൃകാപരമായ തീരുമാനങ്ങൾ പ്രഖ്യാപിച്ച സർക്കാരിൽ നിന്ന് തുടർന്നും ജനക്ഷേമകരമായ നയങ്ങളാണ് സഭയും സമൂഹവും പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ സർക്കാർ തെറ്റ് തിരുത്തുമെന്ന് കരുതാം. ഇത്തരം വിഷയങ്ങളിൽ ശ്രീ.വി.എം സുധീരനടക്കം സർക്കാരിന് മുന്നിൽ തിരുത്തൽ ശക്തിയായി നിലകൊള്ളുന്നത് ജനാധിപത്യത്തിലെ നല്ല ലക്ഷണമാണെന്നും ഓർത്തഡോക്സ് സഭ പ്രതികരിച്ചു.

Hot Topics

Related Articles