പെരുവ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കാതോലിക്കേറ്റ് സെന്റര്‍ ദേവാലയത്തിന്റെ കൂദാശയും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളും 26 നും 27 നും

കടുത്തുരുത്തി: പെരുവ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കാതോലിക്കേറ്റ് സെന്റര്‍ ദേവാലയത്തിന്റെ കൂദാശയും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളും 26, 27 തീയതികളില്‍ നടക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് ഭദ്രാസനത്തിലെ ദേവാലയമാണ് പെരുവയിലേത്. 1984ല്‍ ജോസഫ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയാല്‍ സ്ഥാപിതമായതാണ് ഇവിടുത്തെ ദേവാലയം. പഴയ ദേവാലയം നാശാവസ്ഥയിലായതിനെ തുടര്‍ന്ന് പൊളിച്ചുനീക്കി 2022 മെയ് 27ന് പുതിയ ദേവാലയത്തിന് കല്ലിട്ടു, രണ്ട് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ച ദേവാലയത്തിന്റെ കൂദാശയാണ് നടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കബാവ ദേവാലയ കൂദാശയ്ക്കു മുഖ്യകാര്‍മികത്വം വഹിക്കുമെന്ന് വികാരി ഫാ.ജോമോന്‍ അറിയിച്ചു. നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. 26ന് വൈകുന്നേരം അഞ്ചിന് പരിശുദ്ധ കാതോലിക്കാ ബാവായുടെയും ബിഷപ്പുമാരെയും വിശിഷ്ടാതിഥികളേയും പ്രവേശന കവാടത്തില്‍ സ്വീകരിക്കും. 5.30ന് സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് ദേവാലയ കൂദാശയുടെ ഭാഗമായ കല്ലിടീല്‍ ശുശ്രൂഷയും കൂദാശയുടെ ഒന്നാം ക്രമവും നടത്തും. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ കൂടി നടത്തുന്നതിനാല്‍ പ്രദക്ഷിണവും ഉണ്ടാകും. ആശിര്‍വാദത്തോടെ വൈകുന്നേരത്തെ ചടങ്ങുകള്‍ സമാപിക്കും. 27ന് രാവിലെ 6.30ന് പ്രഭാത നമസ്‌കാരവും വിശുദ്ധ ദേവാലയ കൂദാശയുടെ തുടര്‍ന്നുള്ള പൂര്‍ത്തീകരണവും നടക്കും. ബലിപീഠം – തബ്‌ലൈത്ത, മദ്ബഹ – ഹൈക്കലാ കൂദാശകള്‍ ഈ സമയത്താണ് നടക്കുന്നത്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയോടെ ദേവാലയകൂദാശ സമാപിക്കും. 11.30ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. ദേവാലയനിര്‍മാണത്തിന് നേതൃത്വം നല്‍കിയവരെയും മുന്‍ വൈദീകരെയും യോഗത്തില്‍ ആദരിക്കും. പ്രദക്ഷിണത്തെ തുടര്‍ന്ന് ആശീര്‍വാദവും നേര്‍ച്ച സദ്യയും ഉണ്ടായിരിക്കുമെന്ന് പള്ളിയധികൃതരായ കെ.ജെ രാജു, എന്‍.സി. രാജു, സി.വി. രാജു എന്നിവര്‍ കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Hot Topics

Related Articles