ന്യൂഡൽഹി:മുഖം മറച്ചും കൈവിലങ്ങുമായാണ് പേരക്കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നഗരസഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനെത്തി. പുണെയിലെ പ്രാദേശിക ഗുണ്ടാനേതാവായ ബന്ദു ആന്തേക്കറാണ് പൊലീസ് കാവലിൽ സർക്കാർ ഓഫീസിലെത്തി സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചത്.മുഖം കറുത്ത തുണികൊണ്ട് മറച്ച നിലയിലും കൈകൾ ബന്ധിച്ച നിലയിലുമായിരുന്നു ആന്തേക്കറുടെ ഹാജരാകൽ. പേരക്കുട്ടിയായ ആയുഷ് കോംകരിയുടെ കൊലപാതകക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്തേക്കറിന് പ്രത്യേക മക്കോക്ക കോടതി ഉപാധികളോടെ നാമനിർദേശ പത്രിക സമർപ്പിക്കാൻ അനുമതി നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് രംഗത്തേക്കുള്ള പ്രവേശനം.ഇതേ കേസിൽ പ്രതികളായ ആന്തേക്കറിന്റെ സഹോദരഭാര്യ ലക്ഷ്മി ആന്തേക്കറും മരുമകൾ സൊണാലിയും നേരത്തെ കോടതിയുടെ അനുമതിയോടെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.നിലവിൽ യെർവാഡാ ജയിലിൽ കഴിയുന്ന ആന്തേക്കർ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ അനുയായികൾ മുദ്രാവാക്യങ്ങൾ വിളിച്ച് പിന്തുണ അറിയിച്ചു.സെപ്റ്റംബർ 5-ന് നാനാ പേത്തിൽ നടന്ന വെടിവെയ്പ്പിലാണ് ആന്തേക്കറിന്റെ പേരക്കുട്ടിയായ ആയുഷ് കൊല്ലപ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവവുമായി ബന്ധപ്പെട്ട് 18 പേർ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.പുണെയിലും സംസ്ഥാനത്തെ മറ്റ് 28 നഗരസഭകളിലുമായി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ജനുവരി 15-നാണ് നടക്കുക.


