തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ രാഹുൽ ഈശ്വര്‍ റിമാന്‍ഡില്‍. ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്. പൂജപ്പുര ജില്ലാ ജയിലേക്ക് മാറ്റും.
അറസ്റ്റ് സുപ്രീംകോടതി വിധിയുടെ ലംഘനമെന്നാണ് രാഹുൽ ഈശ്വറിന്റെ വാദം. അറസ്റ്റ് നിയമപരമായി നടത്തിയിട്ടില്ല. നോട്ടീസ് നൽകിയത് പോലും പിടികൂടി കൊണ്ട് വന്ന ശേഷം 40 മിനിറ്റ് കഴിഞ്ഞാണെന്നും രാഹുൽ ഈശ്വർ കോടതിയിൽ പറഞ്ഞു. നോട്ടീസ് നൽകിയിരുന്നുവെന്നും എന്നാൽ അത് കൈപ്പറ്റിയില്ലെന്നുമാണ് പ്രോസിക്യൂഷൻ വാദം. രാഹുൽ ഈശ്വർ പരാതിക്കാരിയെ അപമാനിക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്ന് വാദിച്ച പ്രോസിക്യൂഷൻ, ജാമ്യ ഹർജിയെ ശക്തമായി എതിർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, രാഹുൽ ഈശ്വറിനെതിരെ ഗുരുതര ആരോപണവുമായി റിമാൻഡ് റിപ്പോർട്ടിലുള്ളത്. പരാതിക്കാരിയുടെ ചിത്രങ്ങൾ ഉൾപ്പടെ ലാപ്ടോപ്പിൽ രാഹുൽ തയ്യാറാക്കിയ വീഡിയോകൾ പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലുള്ളതാണ്. പ്രതി സ്ഥിരമായി ഇത്തരം കാര്യം ചെയുന്നയാളാണെന്നും മറ്റ് പ്രതിക്കെതിരെ സമാന കേസുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതിജീവിതയുടെ പരാതിയിൽ നാല് പേര്‍ പ്രതികള്‍
ഇന്നലെ രാത്രിയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്‍റെ ഭാഗമായി രാഹുൽ ഈശ്വറിന്‍റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലാപ്പ്ടോപ്പിൽ നിന്നാണ് വീഡിയോ അപ്‍ലോഡ് ചെയ്‌തതെന്നായിരുന്നു രാഹുൽ ഈശ്വറിന്‍റെ ആദ്യമൊഴി. പിന്നീട് ഓഫീസിൽ പരിശോധന നടത്താനിറങ്ങിയപ്പോൾ മൊബൈൽ കൈമാറുകയായിരുന്നു. പരിശോധനയിൽ മൊബൈലിലെ ഒരു ഫോൾഡറിൽ അപ്‍ലോഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെത്തി.
രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ, മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ഇവർക്ക് ഹാജരാകാനായി സൈബർ പൊലീസ് നോട്ടീസ് നൽകും. പരാതിക്കാരിക്കെതിരെ മോശം കമന്‍റുകള്‍ ചെയ്തവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ജില്ലാ തലങ്ങളിൽ വരുന്ന പരാതികളിൽ കേസെടുത്ത് നടപടി സ്വീകരിക്കാനണ് എഡിജിപി നൽകിയിട്ടുള്ള നിർദ്ദേശം. പരാതിക്കാരിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാൻ ഫേസ്ബുക്കിനോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിജീവിതയുടെ പരാതിയിൽ രാഹുൽ ഉൾപ്പടെ നാല് പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. രഞ്ജിത പുളിക്കൻ, അഡ്വ. ദീപ ജോസഫ്, സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ എന്നിവർക്കെതിരെയാണ് കേസ്. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ വകുപ്പുകൾ ചേര്‍ത്താണ് പൊലീസ് കേസ്. ദീപ ജോസഫ് രണ്ട് പോസ്റ്റുകളിലൂടെ പരാതിക്കാരിയെ അപമാനിച്ചുവെന്ന് പൊലീസ് പറയുന്നു.
രാഹുൽ ഈശ്വറെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും പിന്നീട് എആർ ക്യാമ്പിൽ വെച്ച് വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് രാഹുലിനെ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. രാഹുൽ ഈശ്വർ ഉൾപ്പെടെ 4 പേരുടെ യുആർഎൽ ഐഡികളാണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർ നടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ട് വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസിന്‍റെ നിർണായക നീക്കം.


