രാഹുൽ മാങ്കൂട്ടത്തിൽ പിടിയിലാകാതെ പത്താം ദിവസം:ബെംഗളൂരുവിൽ ഒളിവിൽ എന്ന സംശയത്തിൽ അന്വേഷണം;രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

പാലക്കാട്:ബലാൽസംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഒളിവ് ജീവിതം പത്താം ദിവസത്തിലേക്ക് കടന്നിട്ടും പിടികൂടാതെ പൊലീസ്. രാഹുൽ എവിടെ എന്നതിൽ ഒരു വ്യക്ത‌തയും പൊലീസിന് ഇല്ല. ബെംഗളൂരുവിൽ തന്നെ ഉണ്ടാകാം എന്ന നിഗമനത്തിൽ അന്വേഷണസംഘം അവിടെ തുടരുകയാണ്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിൽ രാഹുൽ കീഴടങ്ങാനുള്ള സാധ്യതയും കുറഞ്ഞിരിക്കുകയാണ്.

Advertisements

കർണാടകയിലെ വൻ സ്വാധീനമാണ് രാഹുലിനെ പിടികൂടാൻ തടസ്സം എന്നാണ് പൊലീസ് പറയുന്നത്. രാഷ്ട്രീയ സഹായവും രാഹുലിന് ലഭിക്കുന്നുവെന്ന് അന്വേഷണസംഘം പറയുന്നു. പൊലീസിന്റെ നീക്കങ്ങൾ മുൻകൂട്ടി അറിഞ്ഞ് രാഹുൽ മുങ്ങുന്നത് സംശയം വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് വരെ രാഹുൽ വിഷയം നിലനിർത്താനായി മനപ്പൂർവം പിടിക്കുന്നില്ലെന്നാണ് കോൺഗ്രസിൻ്റെ ആക്ഷേപം. രാഹുലിനെ പിടികൂടണ്ടെന്ന് അന്വേഷണസംഘത്തിന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും ആരോപണം ശക്തമാകുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്‌റ്റിസ് കെ.ബാബുവിൻ്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. നിരപരാധിയെന്നും, ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നുമാണ് ഹർജിയിലെ പ്രധാനവാദം. ഉഭയകക്ഷി സമ്മതപ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധം.സ്വന്തം തീരുമാനപ്രകാരമാണ് പരാതിക്കാരി ഗർഭഛിദ്രം നടത്തിയത്. നടപടിക്രമങ്ങൾ പാലിച്ചല്ല പരാതി നൽകിയത്. എല്ലാ കാര്യങ്ങളിലും അന്വേഷണ സംഘത്തിന് വിശദീകരണം നൽകാൻ തയാറാണ്. അന്വേഷണത്തിന് തന്നെ കസ്‌റ്റഡിയിലെടുക്കേണ്ട കാര്യമില്ല. പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. കേസിലെ രേഖകൾ തനിക്ക് ലഭ്യമാക്കിയിട്ടില്ല. തെളിവുകൾ നൽകാൻ സാവകാശം വേണം. വാദം സാധൂകരിക്കാനായില്ലെങ്കിൽ കീഴടങ്ങാൻ തയാറാണെന്നും രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിലുണ്ട്.

അതേസമയം, കേസിലെ അതിജീവിതയെ അപമാനിച്ചെന്ന പരാതിയിൽ റിമാൻഡിലുള്ള രാഹുൽ ഈശ്വറിന്റെ ജാമ്യഹർജിയിൽ ഇന്നും വാദം തുടരും. തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് വിശദമായ വാദം കേൾക്കുക. കസ്‌റ്റഡിയിൽ ലഭിച്ചിട്ടും രാഹുൽ ഈശ്വർ അന്വേഷണത്തോട് സഹകരിക്കുന്നില്ല. ഇനിയും നിരവധി തെളിവുകൾ ശേഖരിക്കാനുണ്ട്. അതിജീവിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിയെ രാഹുൽ ഈശ്വർ സഹായിക്കുകയാണ്. രാഹുൽ ഈശ്വർ വിഡിയോ പ്രചരിപ്പിച്ചതിന് മതിയായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.എന്നാൽ അതിജീവിതയെ ആക്ഷേപിക്കുന്ന തരത്തിൽ യാതൊന്നും ചെയ്‌തിട്ടില്ലെന്നായിരുന്നു രാഹുൽ ഈശ്വറിൻ്റെ വാദം.

ആക്ഷേപമുണ്ടെങ്കിൽ അടുത്തിടെ ചെയ്‌ത മുഴുവൻ വിഡിയോയും നീക്കം ചെയ്യാം. അന്വേഷണത്തിനോട് പൂർണമായും സഹകരിക്കാം തുടങ്ങിയ വാദങ്ങളായിരുന്നു രാഹുൽ ഈശ്വറിന്റെ അഭിഭാഷകൻ നിരത്തിയത്. സെഷൻസ് കോടതിയിൽ ജാമ്യഹർജി നിലനിൽക്കുന്നതിനിടെ അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ സെഷൻസ് കോടതിയിലെ ഹർജി പിൻവലിക്കാൻ അപേക്ഷ നൽകിയ ശേഷമാണ് ജാമ്യത്തിനായി അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചതെന്ന് രാഹുൽ ഈശ്വറിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

Hot Topics

Related Articles