പത്തനംതിട്ട/ ഇടുക്കി: ശബരിമല മകരവിളക്ക് മഹോത്സവം നടക്കുന്ന ജനുവരി 14 ന് പത്തനംതിട്ട ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.ജില്ലാ കളക്ടറാണ് ഉത്തരവ് പുറത്തിറക്കിയത്. പത്തനംതിട്ട ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍, സർവകലാശാലാ പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമുണ്ടാവില്ല. അവശ്യ സർവീസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ അവധി ബാധകമല്ലെന്നും കളക്ടറുടെ ഉത്തരവിലുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയും തൈപ്പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ അവധി പ്രഖ്യാപിച്ചിരുന്നു.
ഇടുക്കിയിലെ അഞ്ചു പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്ക് ജില്ലാ കളക്ടർ ജനുവരി 14 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. അവധി പ്രഖ്യാപിച്ച പഞ്ചായത്തുകള്‍ക്ക് കുമളി, വണ്ടിപ്പെരിയാർ, പീരുമേട് പെരുവന്താനം, കൊക്കയാർ എന്നിവയാണ്. എന്നാല്‍ മുഴുവൻ വിദ്യാർത്ഥികളും താമസിച്ച് പഠിക്കുന്ന റസിഡൻഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റർവ്യൂകള്‍ക്കും മാറ്റമില്ല. ഈ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ഓണ്‍ലൈൻ ക്ലാസുകള്‍ ഉള്‍പ്പെടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നിർബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മകരവിളക്ക് മഹോത്സവം കൂടുതല്‍ സുരക്ഷിതമായി നടത്തുന്നതിനായി വന വകുപ്പ് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തിരുവാഭരണം കൊണ്ടുവരുന്ന കാനനപാതയില്‍ സഞ്ചരിക്കുന്ന ഭക്തർക്ക് സുരക്ഷ ഉറപ്പാക്കാൻ പമ്പാനദിക്ക് സമീപം താല്‍ക്കാലിക നടപ്പാത നിർമ്മിച്ചിട്ടുണ്ട്. അപകട സാധ്യത കുറയ്ക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പമ്പ, പുല്ലുമേട്, സന്നിധാനം മേഖലകളില്‍ നിലവിലുള്ള സ്ഥിരം ഉദ്യോഗസ്ഥരോടൊപ്പം 120 അധിക ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
ശുചീകരണ പ്രവർത്തനങ്ങള്‍ക്ക് തദ്ദേശീയരായ നാട്ടുകാരുടെ സഹകരണത്തോടെ എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ (ഇ.ഡി.സി) സേവനം ലഭ്യമാക്കുന്നു. സത്രം, പുല്ലുമേട്, പമ്പ, അഴുതകടവ്, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളില്‍ 136 സന്നദ്ധ പ്രവർത്തകർ എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയില്‍ സേവനം നല്‍കും. അടിയന്തര സാഹചര്യങ്ങളില്‍ പമ്പ ഹെഡ്ക്വാർട്ടേഴ്‌സിന്റെ കീഴില്‍ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തീർത്ഥാടകർക്ക് സഹായത്തിനായി 04735 203492 എന്ന നമ്പറില്‍ ബന്ധപ്പെടാം.
അധികൃതർ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമേ ഭക്തർ മകരവിളക്ക് ദർശനം നടത്താൻ പാടുള്ളൂ. അനധികൃതമായി വനത്തിനകത്തേക്ക് പ്രവേശിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. മകരവിളക്ക് കാണുന്നതിനായി മരങ്ങളില്‍ കയറിയുകയോ അപകടകരമായ രീതിയില്‍ വനമേഖലകളിലേക്ക് കടക്കുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി. കൂടാതെ, വനത്തിനകത്ത് ഭക്ഷണം പാകം ചെയ്യുന്നതും നിരോധന വിധേയമാണ്.


