മണ്ഡല-മകരവിളക്ക് തീർഥാടനം ഇന്ന് ആരംഭിക്കും; ശബരിമല നട വൈകിട്ട് തുറക്കും;ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് തുടരുന്നു

പമ്പ:മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച്‌ ശബരിമല ക്ഷേത്രനട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. മണ്ഡല സീസണിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രാധികാരികൾ അറിയിച്ചു. മേൽശാന്തി അരുണ്‍കുമാർ നമ്പൂതിരി തന്ത്രി കണ്ഠർ മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നട തുറക്കും. തുടർന്ന് പതിനെട്ടാംപടിയിറങ്ങി ശ്രീകോവിലിലെ ദീപംകൊണ്ട് ആഴി ജ്വലിപ്പിക്കുകയും പുതിയ നിയുക്ത മേൽശാന്തിമാരെ സന്നിധാനത്തേക്ക് എത്തിക്കുകയുമാണ് പതിവ് ചടങ്ങുകൾ.

Advertisements

വൈകിട്ട് 6.30ഓടെ ശബരിമല സോപാനത്തിൽ നിയുക്ത മേൽശാന്തി പ്രസാദ് നമ്പൂതിരിയുടെ അവരോധനവും മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരിയുടെ അവരോധനവും നടക്കും. ഞായറാഴ്ച പൂജകളില്ല. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിക്ക് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമലയും മാളികപ്പുറവും നട തുറക്കുന്നതോടെ തീർഥാടനം ഔപചാരികമായി ആരംഭിക്കും.ദിവസവും പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 3 മുതൽ രാത്രി 11 വരെയും ഭക്തർക്ക് ദർശനം സാധിക്കും. ഓൺലൈൻ ബുക്കിംഗിലൂടെ 70,000 പേർക്കും തൽസമയ സ്‌പോട്ട് ബുക്കിംഗിലൂടെ 20,000 പേർക്കും ദർശന സൗകര്യമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യ ദിവസങ്ങളിലെ എല്ലാ ഓൺലൈൻ ബുക്കിംഗുകളും ഇതിനകം പൂർത്തിയായി. ബുക്കിംഗ് (www.sabarimalaonline.org )വഴി നിർബന്ധമായും നടത്തണം. പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ തുടങ്ങിയിടങ്ങളിലും സ്‌പോട്ട് ബുക്കിംഗ് സൗകര്യമുണ്ട്.ഡിസംബർ 26ന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധനയും 27ന് മണ്ഡലപൂജയും നടത്തും. അന്ന് രാത്രി നട അടയ്ക്കുന്നതോടെ മണ്ഡലകാലം സമാപിക്കും. ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14ന് മകരവിളക്ക്; ജനുവരി 19 വരെ ദർശനം സാധുവായിരിക്കും.ഇതിനിടെ, ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്ന് എത്തുന്ന ഭക്തരുടെ യാത്രാസൗകര്യങ്ങളും സുരക്ഷ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി ഇടുക്കിയും തേനിയുമടങ്ങിയ അന്തർസംസ്ഥാന യോഗം ചേർന്നു.

തേക്കടി ബാംബു ഗ്രോവിൽ നടന്ന യോഗത്തിൽ ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടും തേനി ജില്ലാ കളക്ടർ രജ്ഞിത്ത് സിംഗും അധ്യക്ഷത വഹിച്ചു.മകരവിളക്കിനോടനുബന്ധിച്ച്‌ ക്രമാതീതമായ തിരക്ക് ഉണ്ടാകുകയാണെങ്കിൽ വൺവേ ട്രാഫിക് സംവിധാനം നടപ്പിലാക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു. പ്രധാന ഇടത്താവളങ്ങളിൽ 24 മണിക്കൂറും വൈദ്യസംഘങ്ങളുടെ സേവനം ഉറപ്പാക്കും. പുല്ലുമേടിൽ പകൽ സമയത്ത് സേവനം ലഭിക്കും. വണ്ടിപ്പെരിയാർ, സത്രം, പുല്ലുമേട് എന്നിവിടങ്ങളിൽ ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിക്കാനും വാഹന പരിശോധന ശക്തമാക്കാനും നിർദേശിച്ചു.തീർഥാടകരുടെ സഞ്ചാരം സുഗമമാക്കാൻ കെഎസ്‌ആർടിസി സ്പെഷ്യൽ സർവീസുകൾ നടത്തും. റോഡ് സുരക്ഷ, മാലിന്യനിക്ഷേപ നിയന്ത്രണം, പ്ലാസ്റ്റിക് ഒഴിവാക്കൽ തുടങ്ങിയ വിഷയങ്ങളിൽ ജനബോധവത്കരണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Hot Topics

Related Articles