കൊച്ചി :ഇറാനിലേക്ക് അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തുന്നതിനിടെ കേരളത്തിലെ ചില പ്രമുഖ സ്വകാര്യ ആശുപത്രികൾ സഹായം നൽകിയതായി എൻ.ഐ.എയ്ക്ക് ലഭിച്ച സൂചനകൾ ശക്തമാകുന്നു. മനുഷ്യക്കടത്ത് കേസിൽ മുഖ്യപ്രതിയായ എറണാകുളം സ്വദേശി മധു ജയകുമാർ നൽകിയ മൊഴിയിലാണ് ആശുപത്രികളുടെ പങ്കിനെക്കുറിച്ചുള്ള ആരോപണം ഉയർന്നിരിക്കുന്നത്.എൻഐഎയുടെ ചോദ്യം ചെയ്യലിൽ, രോഗികളുടെ വിവരങ്ങൾ ഉൾപ്പെടെ നിർണായകമായ വിവരങ്ങൾ ചില ആശുപത്രികൾ കൈമാറിയതായാണ് മധു മൊഴി നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഏജൻസി അന്വേഷണത്തിന്റെ പരിധി വ്യാപിപ്പിച്ച് ഉത്തരേന്ത്യൻ റാക്കറ്റുകളിലേക്കും അന്വേഷണം നീട്ടിയിട്ടുണ്ട്.എൺപതോളം പേരെ ഇന്ത്യയിൽ നിന്നു ഇറാനിലേക്ക് കടത്തിയതായി എൻഐഎക്ക് ലഭിച്ച വിവരം സൂചിപ്പിക്കുന്നു. ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലാണ് ഈ റാക്കറ്റിന്റെ പ്രധാന പ്രവർത്തനം നടന്നിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓരോ വ്യക്തിയുടെയും കടത്തിനായി 50 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തിരുന്നതായും മധു മൊഴി നൽകി.ഈ മാസം 8ന് ഇറാനിൽ നിന്ന് ഇന്ത്യയിലെത്തിയ മധുവിനെ അതിർത്തിയിൽ വച്ച് എൻഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ ഈ മാസം 19 വരെ ഏജൻസിക്ക് കസ്റ്റഡിയിൽ വിടാൻ കോടതി അനുമതി നൽകി.
ചോദ്യം ചെയ്യലിനിടെ എറണാകുളത്തെ ചില പ്രമുഖ സ്വകാര്യ ആശുപത്രികളുടെ പേരുകളും അവയവ കച്ചവടവുമായി ബന്ധപ്പെട്ട വിവരങ്ങളും മധു എൻഐഎക്ക് കൈമാറിയതായി റിപ്പോർട്ടുകൾ പറയുന്നു


