കോട്ടയം : സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം. ബാങ്ക് തിരഞ്ഞെടുപ്പുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുതിർന്ന കോൺഗ്രസ് നേതാക്കൾ തഴയുന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ അടുത്തിടെ നടന്ന എല്ലാ തിരഞ്ഞെടുപ്പിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തഴഞ്ഞതായി നേതൃത്വം ആരോപിക്കുന്നു. പ്രാദേശിക കോൺഗ്രസ് നേതാക്കളാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അർഹമായ പ്രാതിനിധ്യം നൽകാത്തത് എന്നാണ് പരാതി. നേരത്തെ വാകത്താനം നാലുനാക്കൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ബിജെപി അനുഭാവിയെ 40 വയസ്സിൽ താഴെയുള്ളവരുടെ പാനലിൽ മത്സരിപ്പിച്ചത് സംബന്ധിച്ച് ജാഗ്രത ന്യൂസ് ലൈവ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇത് അടക്കമുള്ള ബാങ്ക് തിരഞ്ഞെടുപ്പുകൾ വിവാദമായതിനു പിന്നാലെയാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നോമിനികളായി വാകത്താനം സഹകരണ ബാങ്ക് , പുതുപ്പള്ളി സഹകരണ ബാങ്ക്, അരീപ്പറമ്പ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ മത്സരിപ്പിക്കേണ്ടവരുടെ പേരും പ്രമേയത്തിനൊപ്പം നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനീഷ് ബെന്നി അവതരിപ്പിച്ച പ്രമേയം ജില്ലാ കമ്മിറ്റി ഐക്യകണ്ഠനെയാണ് പാസാക്കിയത്.