കൊച്ചി:സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചെന്ന വാർത്തകൾ നടൻ ജയസൂര്യ നിഷേധിച്ചു. ഇഡി സമൻസ് നൽകിയെന്നും ഏഴാം തീയതി വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ടെന്നും പ്രചരിക്കുന്ന വാർത്തകൾ നുണപ്രചാരണമാണെന്ന് ജയസൂര്യ വ്യക്തമാക്കി.ഇക്കാര്യത്തിൽ പ്രസ്താവന പുറത്തിറക്കിയ ജയസൂര്യ, കഴിഞ്ഞ രണ്ട് ദിവസമായി ചില ചാനലുകൾ സമൻസ് ലഭിച്ചതായി വാർത്ത നൽകുന്നുണ്ടെങ്കിലും, തനിക്കോ ഭാര്യയ്ക്കോ ഇഡിയിൽ നിന്ന് നേരിട്ട് ഇത്തരം നിർദേശം ഒന്നും ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു. ഡിസംബർ 24നും 29നും ഇഡി സമൻസ് പ്രകാരം ഹാജരായിരുന്നുവെങ്കിലും, ഏഴാം തീയതി വീണ്ടും ഹാജരാകണമെന്നുള്ള സമൻസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരസ്യ ആവശ്യങ്ങൾക്കായി സമീപിക്കുന്നവർ ഭാവിയിൽ എന്തെല്ലാം തട്ടിപ്പുകൾ നടത്തുമെന്ന് മുൻകൂട്ടി ആര്ക്കും അറിയാനാകില്ലെന്നും ജയസൂര്യ പറഞ്ഞു. എല്ലാ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമായാണ് നടത്തിയതെന്നും, കൃത്യമായി നികുതി അടയ്ക്കുന്ന ഉത്തരവാദിത്തമുള്ള ഒരു സാധാരണ പൗരൻ മാത്രമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജയസൂര്യയ്ക്ക് വീണ്ടും സമൻസ് നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഓൺലൈൻ ലേലത്തിലൂടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാമെന്ന വാഗ്ദാനത്തോടെയാണ് 2019ൽ സേവ് ബോക്‌സ് ആപ്പ് അവതരിപ്പിച്ചത്. ആപ്പ് അവതരണ ചടങ്ങിൽ ജയസൂര്യ ഉൾപ്പെടെ സിനിമാ താരങ്ങൾ മുഖ്യാതിഥികളായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സേവ് ബോക്‌സ് ബ്രാൻഡ് അംബാസിഡറായി ജയസൂര്യ കരാർ ഒപ്പിട്ടിട്ടുണ്ടോയെന്നും, അതിന്റെ ഭാഗമായി ലഭിച്ച പണം സ്ഥാപനത്തിന്റെ തട്ടിപ്പിൽ നിന്നുള്ളതാണോയെന്നും ഇഡി പരിശോധിച്ചുവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് കൊച്ചി ഇഡി ഓഫീസിൽ ജയസൂര്യയെ നേരത്തെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനിടെ ഭാര്യ സരിതയും ഹാജരായിരുന്നു.


