കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – രാജസ്ഥാന്‍ റോയല്‍സ് പോരാട്ടത്തില്‍ വിക്കറ്റിന് പിന്നിലെ അസാമാന്യ പ്രകടനം കൊണ്ട് കൈയടി നേടി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍. കൊല്‍ക്കത്തയുടെ ബാറ്റിംഗ് നിരയില്‍ വന്‍ ഭീഷണിയായി മാറിയ കാമറൂണ്‍ ഗ്രീനിനെ പുറത്താക്കാന്‍ ജൂറല്‍ നടത്തിയ മിന്നല്‍ സ്റ്റമ്പിംഗ് മത്സരത്തിലെ വഴിത്തിരിവായി മാറി.
കൊല്‍ക്കത്തയുടെ റണ്‍ ചേസിംഗിനിടെ അഞ്ചാം ഓവറിലായിരുന്നു സംഭവം. രവി ബിഷ്ണോയിയെ ക്രീസിന് പുറത്തിറങ്ങി അടിക്കാനുള്ള ഗ്രീനിന്റെ ശ്രമം പാളി. ലെഗ് സൈഡിലേക്ക് പോയ ഗൂഗ്ലി ബാറ്ററെ മറികടന്ന് വിക്കറ്റ് കീപ്പര്‍ ജൂറലിന്റെ കൈകളിലേക്ക്. പന്ത് പിടിച്ചെടുക്കാന്‍ ജൂറലിന് തന്റെ ഇടതുവശത്തേക്ക് ഡൈവ് ചെയ്യേണ്ടി വന്നു. കാഴ്ച മറഞ്ഞുപോയിട്ടും പന്ത് കൃത്യമായി കൈക്കലാക്കിയ ജൂറല്‍, നിലത്തു വീണ അവസ്ഥയില്‍ നിന്ന് ഒറ്റക്കൈ കൊണ്ട് പന്ത് വിക്കറ്റിലേക്ക് എറിയുകയായിരുന്നു. ഗ്രീന്‍ ക്രീസില്‍ തിരിച്ചെത്തുന്നതിന് മുന്‍പേ വിക്കറ്റ് തെറിച്ചു. തേര്‍ഡ് അമ്പയറുടെ പരിശോധനയില്‍ ഗ്രീന്‍ ഔട്ടാണെന്ന് വ്യക്തമായി.

