ന്യൂഡൽഹി :സുപ്രീംകോടതിയിൽ അടിയന്തര സ്വഭാവമുള്ള ഹർജികൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുന്ന നിലവിലെ മെൻഷനിംഗ് രീതി പ്രധാനമായും മാറ്റുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റതിന് പിന്നാലെയാണ് സുപ്രധാനമായ ഈ പരിഷ്കാരം നടപ്പിലാക്കിയത്.ഇന്നുമുതൽ മുതിർന്ന അഭിഭാഷകർക്ക് തുറന്ന കോടതിയിൽ മെൻഷനിംഗ് നടത്താനാകില്ല.അടിയന്തര സാഹചര്യമുള്ള കേസുകളിൽ മാത്രമേ ജൂനിയർ അഭിഭാഷകർക്ക് തുറന്ന കോടതിയിൽ മെൻഷനിംഗ് അനുവദിക്കൂ.
അടിയന്തര കേസുകൾ രണ്ട് ദിവസത്തിനകം ലിസ്റ്റ് ചെയ്യും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യക്തി സ്വാതന്ത്ര്യവുമായി നേരിട്ട് ബന്ധപ്പെട്ടതിനാൽ അതിവേഗ ഇടക്കാല ഉത്തരവുകൾ ആവശ്യമായ ഹർജികൾ ലഭിക്കുമ്പോൾ അവ രണ്ട് ദിവസത്തിനുള്ളിൽ ലിസ്റ്റ് ചെയ്യുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.താഴെപ്പറയുന്ന തരം കേസുകൾക്ക് ഈ പ്രത്യേക പരിഗണന ലഭിക്കും,
ജാമ്യം, മുൻകൂർ ജാമ്യം
ജാമ്യം റദ്ദാക്കൽ
വധശിക്ഷ
ഹേബിയസ് കോർപ്പസ്
കുടിയൊഴിപ്പിക്കൽ
പൊളിച്ചുനീക്കം
അടിയന്തര ഇടക്കാല ആശ്വാസം ആവശ്യമുള്ള മറ്റ് വിഷയങ്ങൾ
കേരളത്തിനും നോഡൽ ഓഫീസർ
ജാമ്യഹർജികളുടെ പകർപ്പ് ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ നോഡൽ ഓഫീസർക്ക് നിർബന്ധമായും കൈമാറണം. അതിന്റെ രേഖ സമർപ്പിച്ചാലേ ഹർജി ലിസ്റ്റ് ചെയ്യൂ.കേരള സർക്കാരിന്റെ നോഡൽ ഓഫീസർ സർക്കാർ അഭിഭാഷകനായ ഹർഷദ് വി. ഹമീദ് ആണ്.കോടതി സമയം കഴിഞ്ഞാലോ അവധി ദിവസങ്ങളിലോ അടിയന്തരമായി കേസ് പരിഗണിക്കേണ്ടി വരുമ്പോൾ വെക്കേഷൻ ഓഫീസറെയാണ് സമീപിക്കേണ്ടത്. നാല് ഓഫീസർമാരുടെ പേര്, വിലാസം, ഫോൺനമ്പർ എന്നിവ സുപ്രീംകോടതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേസുകൾ മാറ്റിവയ്‌ക്കലിന് ഇനി കർശന നിയന്ത്രണം
കേസുകൾ മാറ്റിവയ്‌ക്കാനും പുതുക്കി ലിസ്റ്റ് ചെയ്യാനും ഇപ്പോൾ കർശന നിയന്ത്രണം.താഴെപ്പറയുന്ന സാഹചര്യങ്ങളിലാണ് കേസ് മാറ്റിവയ്‌ക്കൽ പരിഗണിക്കുക,
അഭിഭാഷകന്റെയോ കക്ഷിയുടെയോ മരണം
മെഡിക്കൽ അടിയന്തരാവസ്ഥ
കോടതി അംഗീകരിക്കുന്ന ഒഴിവാക്കാനാവാത്ത മറ്റു സാഹചര്യങ്ങൾ
ഇതിനായി എതിർ അഭിഭാഷകന്റെ സമ്മതത്തോടെയുള്ള അപേക്ഷ തലേദിവസം തന്നെ നൽകണം.


