തിരുവനന്തപുരം :എസ്‌എടി ആശുപത്രിയിൽ പ്രസവശേഷം മരിച്ച കരിക്കകം സ്വദേശിനി ശിവപ്രിയയുടെ മരണത്തിന് ബാക്ടീരിയൽ അണുബാധയാണെന്ന് വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കി. അണുബാധ ആശുപത്രിയിലാണ് നിന്നുണ്ടായതെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നും സമിതി വ്യക്തമാക്കി. റിപ്പോർട്ട് ഡിഎംഇയ്ക്ക് സമർപ്പിച്ചു.ശിവപ്രിയയുടെ ശരീരത്തിൽ കണ്ടെത്തിയത് സ്റ്റഫൈലോകോക്കസ് (Staphylococcus) ബാക്ടീരിയയാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഈ ബാക്ടീരിയ പൊതുസ്ഥലങ്ങളിലും സാധാരണയായി കാണപ്പെടുന്ന ഒന്നായതിനാൽ അണുബാധ എവിടെ നിന്നാണ് ഉണ്ടായത് എന്ന് വ്യക്തമായി നിർണയിക്കാൻ കഴിയില്ലെന്നും സമിതി പറഞ്ഞിട്ടുണ്ട്.
നവംബർ 9-നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടിസ്പെഷ്യാലിറ്റി വിഭാഗത്തിൽ ചികിത്സയിലിരിക്കെ ശിവപ്രിയ മരിച്ചത്. ഒക്ടോബർ 22-ന് എസ്‌എടി ആശുപത്രിയിലായിരുന്നു പ്രസവം. പ്രസവശേഷം ഉണ്ടായ അണുബാധയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ ഉയർത്തിയ ആരോപണം.അന്വേഷണത്തിനായി ആലപ്പുഴയും കോട്ടയവും മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിവിധ വിഭാഗ മേധാവികളെ ഉൾപ്പെടുത്തി രൂപീകരിച്ച നാലംഗ വിദഗ്ധ സമിതിയാണ് പരിശോധനയും റിപ്പോർട്ടും തയ്യാറാക്കിയത്.


