തിരുവനന്തപുരം: ചാക്കയിൽ റോഡരികിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധി. ആറ്റിങ്ങൽ ഇടവ സ്വദേശി കബീർ (ഹസൻകുട്ടി) ആണ് കുറ്റക്കാരനെന്ന് തിരുവനന്തപുരം പോക്സോ കോടതി കണ്ടെത്തിയത്. ഒക്ടോബർ 3-ന് ശിക്ഷാവിധി പ്രഖ്യാപിക്കപ്പെടും.സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം 2024 ഫെബ്രുവരി 19-ന് സംഭവിച്ചതാണ്. ചാക്കയ്ക്ക് സമീപം ഹൈദരാബാദുകാരായ ദമ്പതികൾക്കൊപ്പം കിടന്നിരുന്ന കുട്ടിയെ ഹസൻകുട്ടി തട്ടിക്കൊണ്ടു പോയി, തുടർന്ന് ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡിന് പിന്നിലുള്ള പൊന്തക്കാട്ടിൽ പീഡിപ്പിച്ച ശേഷം മരിച്ചെന്ന ധാരണയിൽ ഉപേക്ഷിച്ചു.കുട്ടിയെ കാണാതായതിനെത്തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതി ലഭിച്ചതിന് പിന്നാലെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. അടുത്ത ദിവസം വൈകുന്നേരം ഏഴരയോടെ, ബ്രഹ്മോസ് മതിലിനടുത്തുള്ള കാടുപിടിച്ച സ്ഥലത്ത് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തി. ഉടൻ തന്നെ എസ്.എ.ടി. ആശുപത്രിയിൽ എത്തിച്ച് കുട്ടിയുടെ ജീവൻ രക്ഷിച്ചു.
കേസിൽ നിർണായകമായിരുന്നത്, കുട്ടിയെ മുഖം മറച്ച് ഒരാൾ നടന്ന് നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ്. നൂറിലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പതിമൂന്നാം ദിവസം കൊല്ലത്ത് നിന്നാണ് ഹസൻകുട്ടി പിടിയിലായത്. തട്ടിക്കൊണ്ടുപോയതിന് ശേഷം തിരുവനന്തപുരത്ത് നിന്നും മുങ്ങി പളനിയിൽ എത്തിയ പ്രതി, തലമൊട്ടയടിച്ച് ആൾമാറാട്ടത്തിനും ശ്രമിച്ചിരുന്നു.കുട്ടിയുടെ വൈദ്യപരിശോധനാഫലവും, പ്രതിയുടെ വസ്ത്രത്തിൽ നിന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയ തലമുടിയും കുറ്റം ഉറപ്പിക്കാനായതാണ്. ഇതോടൊപ്പം, പീഡനത്തിനിരയായ സ്ഥലത്ത് നിന്നും ശേഖരിച്ച സാമ്പിളുകളും പ്രതിയുടെ വസ്ത്രത്തിലെ സാമ്പിളുകളും പൊരുത്തം തെളിയിച്ചു.പേട്ട പോലീസ് ഇൻസ്പെക്ടർ കെ. ശ്രീജിത്ത് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 41 സാക്ഷികളെ വിസ്തരിക്കുകയും, 62 രേഖകളും, 11 തൊണ്ടിമുതലുകളും ഹാജരാക്കിയിട്ടുണ്ട്. പ്രോസിക്യൂഷൻ വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. അജിത് പ്രസാദ്, അഭിഭാഷിക വി.എസ്. ബിന്ദു എന്നിവർ ഹാജരായിരുന്നു.


