“പുതുപ്പള്ളിയുടെ മണ്ണിൽ അലിഞ്ഞ് കുഞ്ഞൂഞ്ഞ്…ഇനി അനന്തമായ ഏകാന്തതയിലേക്ക്…”

വിണ്ണിലെ താരകങ്ങളേയും,  പതിനായിരക്കണക്കിന് ആളുകളുടെ കണ്ണിൽ നിന്ന് ഉതിർന്നു വീണ കണ്ണുനീരിനേയും സാക്ഷിയാക്കി, ഉമ്മൻ ചാണ്ടിയെന്ന പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയുടെ മണ്ണിൽ അലിഞ്ഞ് ചേർന്നു…തന്റെ ഏറ്റവും പ്രിയപ്പെട്ട ഇടത്തു നിന്ന് പ്രാർത്ഥനയും ഏറ്റുവാങ്ങി നിത്യമായ നിശബ്ദതയിലേക്ക് അദ്ദേഹം ആഴ്ന്നിറങ്ങി…

ഒരു രാജാവിനെ പോലെ തന്റെ അവസാനയാത്രയും നടത്തിയപ്പോൾ പതിവു തെറ്റിക്കാതെ തങ്ങളുടെ പ്രിയ നേതാവിനെ കാത്ത് നിന്നത് പതിനായിരങ്ങൾ ആയിരുന്നു…രാവെന്നോ പകലെന്നോ  വ്യത്യാസമില്ലാതെ അവർക്കു വേണ്ടി ഉമ്മൻ ചാണ്ടി ഇറങ്ങിയപ്പോൾ , ആ സ്നേഹം തങ്ങളുടെ പ്രിയ നേതാവിനും ജനങ്ങൾ ഇപ്പോൾ തിരിച്ചു നൽകി… വെയിലോ, മഴയോ രാത്രിയോ പകലോ വകവെയ്ക്കാതെ പരാതികൾ ഇല്ലാതെ, കൈയ്യിൽ ഒരു തുണ്ട് പേപ്പർ പോലും ഇല്ലാതെ, നിറകണ്ണുകളോടെയും, ഇടറിയ ശബ്ദത്തോടെയും അദ്ദേഹത്തിനു കാവലായി ഒരു വൻമതിലായി റോഡിനു ഇരുവശത്തും അവർ ഉയർന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അവിടെ ജാതിയോ, മതമോ, രാഷ്ട്രീയമോ, ഇല്ലായിരുന്നു… പ്രായ ലിംഗ ഭേദമന്യേ ചുറ്റും പച്ചയായ കുറേ മനുഷ്യർ മാത്രം…അവരിൽ ഒട്ടുമിക്ക ആളുകൾക്കും ഉണ്ടായിരുന്നു തന്റെ പ്രിയ നേതാവ് ജീവിതത്തിൽ ഒരു രക്ഷകനായി പ്രത്യക്ഷപ്പെട്ട ഒരു കഥ പറയാൻ…

പുതുപ്പള്ളിയുടെ മാത്രമല്ല അദ്ദേഹത്തിനു മുൻപിൽ എത്തുന്ന ആർക്കും താങ്ങും, തണലും സംരക്ഷണവുമായി , വലിയൊരു വടവൃക്ഷമായി പടർന്നു പന്തലിച്ച ജനമനസുകളിൽ ഇടം നേടിയ ജനനായകൻ ആണ് ഇവിടെ ഓർമ്മയായത്. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന വചനം എങ്ങനെ പ്രാവർത്തികമാക്കണം എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന വ്യക്തി…അതായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹം ആർക്ക് എന്തൊക്കെ എപ്പോൾ ചെയ്തു കൊടുത്തു എന്നത് ഇക്കാലമത്രയും ആരും അറിഞ്ഞിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ വിയോഗത്തോടു കൂടി അത് എല്ലാവരും അറിയുക തന്നെ ചെയ്തു…

തങ്ങളുടെ പ്രിയപ്പെട്ട നേതാവ് എന്നതിലുപരി ഞങ്ങളുടെ സംരക്ഷകനാണ്, സഹോദരനാണ് എന്നാണ് അദ്ദേഹത്തെ മിക്കവരും വിശേഷിപ്പിച്ചത്. പുഞ്ചിരി ഇല്ലാത്ത, ആർക്കും ഇതുവരെ പരിചിതമല്ലാത്ത ആ മുഖം കണ്ടപ്പോൾ ആകാം അദ്ദേഹം ഇനി തിരികെ വരില്ല എന്ന യാഥാർത്ഥ്യം ഒട്ടുമിക്കവരും ഓർത്തിട്ടുണ്ടാവുക.

തനിക്ക് ശരിയെന്നു തോന്നിയ കാര്യങ്ങൾ ഉറപ്പോടെ ചെയ്ത തികഞ്ഞ മനുഷ്യ സ്നേഹിയായ ഒരു ജനപ്രതിനിധി… ഒന്നല്ല…എല്ലാം ആയിരുന്നു ഉമ്മൻ ചാണ്ടി, അതായത് ഒരു ‘മനുഷ്യ സംസ്ക്കാരം’. ഒരു പാഠ പുസ്തകമായിരുന്നു അദ്ദേഹം… ആർക്കും പകർത്തി എഴുതാൻ സാധിക്കാത്ത, വായിച്ചു തീർന്നതോടെ അക്ഷരങ്ങൾ മുഴുവൻ മാഞ്ഞു പോയ, ഓർമ്മയിൽ മാത്രം സൂക്ഷിക്കാൻ കഴിയുന്ന വലിയ ഒരു പാഠപുസ്തകം…നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിലെ പുതിയ ഒരു ഏട്… അതായിരുന്നു ഉമ്മൻ ചാണ്ടിയെന്ന കുഞ്ഞൂഞ്ഞ്…

Hot Topics

Related Articles