വൈക്കം: നഗരസഭയിൽ ചെയർമാൻ സ്ഥാനം മൂന്നുപേർക്കായി വീതം വയ്ക്കും. ആദ്യം മൂന്നുവർഷം അബ്ദുൽസലാം റാവുത്തർ ചെയർമാൻ ആകുമെന്നാണ് ധാരണ. ഇടവട്ടം ജയകുമാറിനും, പി.ഡി.പ്രസാദിനും ഒരോ വർഷം വീതം ചെയർമാൻ സ്ഥാനം നൽകും. ജില്ലാ കോൺഗ്രസ് നേതൃത്വമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ചെയർമാനായി അബ്‌ദുൽസലാം റാവുത്തർ ഇന്ന് മത്സരിക്കും. വോട്ടെടുപ്പിന് നഗരസഭ കോൺഗ്രസ് അംഗങ്ങൾക്കുള്ള വിപ്പ് ജില്ലാ നേതൃത്വം കൈമാറി.
പതിനാറാം വാർഡ് തുരുത്തിക്കരയിൽ നിന്നാണ് അബ്ദുൾസലാം റാവുത്തർ വിജയിച്ചത്. മൂന്നാം വാർഡായ കാരുവള്ളിയിൽ നിന്ന് ഇടവട്ടം ജയകുമാറും.ഇരുപത്തിയേഴാം വാർഡ് പോളശേരിയിൽ നിന്നാണ് പി.ഡി. പ്രസാദും വിജയിച്ചത്. വൈസ് ചെയർമാൻ സ്ഥാനവും മൂന്നുപേർക്കായി നൽകും. മുരിയംകുളങ്ങര പന്ത്രണ്ടാം വാർഡിൽ നിന്നും ജയിച്ച രേണുകരതീഷിന് രണ്ടുവർഷവും പതിനാലാം കവരപ്പാടിയിൽ നിന്ന് ജയിച്ച വിജി മോൾക്കും ഇരുപത്തിനാലാം വാർഡായ ഇ.വി.ആറിൽ നിന്ന് ജയിച്ച സൗദാമിനി അഭിലാഷിനും ഒന്നര വർഷം വീതം നൽകാനാണ് ധാരണ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ തവണ സൗദാമിനി അഭിലാഷിന് വൈസ് ചെയർമാൻ സ്ഥാനം നൽകും. ഇന്ന് ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസ് പാർലമെൻററി പാർട്ടി വൈക്കത്ത് ചേരും. സ്ഥാനങ്ങളുടെ പാർട്ടി ടേം ധാരണ അടുത്ത ദിവസങ്ങളിൽ തീരുമാനിച്ച് ഒപ്പുവയ്ക്കും.


