തിരുവനന്തപുരം:വെനസ്വേലയ്ക്കെതിരെ അമേരിക്ക നടത്തിയ സൈനിക ഇടപെടലിനെ രൂക്ഷമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലാറ്റിൻ അമേരിക്കയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഗുരുതര ഭീഷണിയായ യുഎസ് ബോംബാക്രമണങ്ങളെ ‘ഭീകരപ്രവർത്തനം’ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. അമേരിക്കയുടെ നടപടി സാമ്രാജ്യത്വ കടന്നാക്രമണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ആഗോള സമാധാനം നിലനിർത്തുന്നതിനായി ഇത്തരം സാമ്രാജ്യത്വ നടപടികൾക്കെതിരെ ശക്തമായ പ്രതിരോധം ഉയർന്നു വരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു തെമ്മാടി രാഷ്ട്രത്തിന്റെ ദുഷ്ടമായ പ്രവർത്തനങ്ങളാണ് യുഎസിന്റെ ഈ ആക്രമണത്തിലൂടെ വെളിപ്പെടുന്നതെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ പാരമ്പര്യമുള്ള ലാറ്റിൻ അമേരിക്കൻ മേഖലയിലെ സമാധാനത്തെയാണ് യുഎസ് ആക്രമണം നേരിട്ട് ബാധിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആഗോള സമാധാനത്തിനെതിരായ സാമ്രാജ്യത്വ നീക്കങ്ങളെ ചെറുക്കാൻ എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ഇതിനിടെ വെനസ്വേലയെ ആക്രമിച്ച യുഎസ് സൈന്യം പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും ബന്ദികളാക്കി അമേരിക്കയിലെത്തിച്ചതായാണ് റിപ്പോർട്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഡുറോ ഏകാധിപതിയാണെന്നും, പുതിയ ജനാധിപത്യ സർക്കാർ അധികാരമേൽക്കുന്ന വരെ വെനസ്വേലയെ അമേരിക്ക ഭരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചു.മഡുറോയും ഭാര്യയും അമേരിക്കയിൽ വിചാരണ നേരിടണമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, മഡുറോയെ ഉടൻ മോചിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.


