വിജയപുരം പഞ്ചായത്തിൽ വൈസ് പ്രസിഡന്റും പഞ്ചായത്തംഗമായ കോൺഗ്രസ് നേതാവും തമ്മിൽ വാക്ക് തർക്കം; തർക്കം അപവാദ പ്രചാരണത്തെച്ചൊല്ലി; വിശദീകരണവുമായി വൈസ് പ്രസിഡന്റും പഞ്ചായത്ത് അംഗവും

കോട്ടയം: വിജയപുരം പഞ്ചായത്തിൽ വൈസ് പ്രസിഡന്റും പഞ്ചായത്തംഗമായ കോൺഗ്രസ് നേതാവും തമ്മിലുണ്ടായ വാക്ക് തർക്കത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഇരുവരും തമ്മിൽ നേരത്തെ മുതലുണ്ടായിരുന്ന തർക്കങ്ങളാണ് വാക്കേറ്റത്തിലേയ്ക്ക് എത്തിയത്. രണ്ടു ദിവസം മുൻപ് പഞ്ചായത്ത് ഓഫിസിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സന്തോഷും, പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ സിസി ബോബിയും തമ്മിലാണ് തർക്കമുണ്ടായത്. പഞ്ചായത്ത് അംഗം സിസി ബോബിയോട് വൈസ് പ്രസിഡന്റ് രജനി സന്തോഷ് ചോദ്യം ചോദിക്കുന്നതും തർക്കിക്കുന്നതും വീഡിയോയിൽ കാണാം. ഇതിന് മറുപടി പറയാതെ സിസി ബോബി ഒഴിഞ്ഞ് മാറി പോകുന്നതും വീഡിയോയിലുണ്ട്.

Advertisements

പനച്ചിക്കാട് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് എത്തിയപ്പോഴുണ്ടായ പരാമർശം സംബന്ധിച്ചുള്ള തർക്കമാണ് പഞ്ചായത്ത് ഓഫിസിൽ ഇത്തരത്തിലുള്ള ഏറ്റുമുട്ടലിലേയ്ക്കും വീഡിയോ പ്രചരിക്കുന്നതിലേയ്ക്കും ഇടയാക്കിയതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. പഞ്ചായത്തംഗം സിസി ബോബിയും, സിപിഎം വിട്ട് കോൺഗ്രസിൽ എത്തിയ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രശ്മി വിജയനും താൻ പറഞ്ഞതായി പറഞ്ഞ് അപവാദ പ്രചാരണം നടത്തിയതായി വൈസ് പ്രസിഡന്റ് രജനി സന്തോഷ് പറയുന്നു. താൻ ഇത് ചോദ്യം ചെയ്യുകയായിരുന്നു. സിപിഎം വിട്ട് കോൺഗ്രസിൽ എത്തിയ രശ്മി വിജയൻ സിപിഎമ്മിന്റെ ചാരപ്പണിയാണോ ചെയ്യുന്നതെന്ന് സംശയിക്കുന്നതായും രജനി ആരോപിക്കുന്നു. ഇവരുടെ ഇടപെടലുകളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്നും രജനി ആരോപിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, രജനി സന്തോഷ് ഗുണ്ടായിസം കാട്ടുകയാണ് ചെയ്യുന്നതെന്ന് പഞ്ചായത്തംഗം സിസി ബോബി പറയുന്നു. തനിക്ക് അറിയില്ലാത്ത ഒരു കാര്യത്തിന്റെ പേരിൽ തന്നെ ആക്രമിക്കുന്നതിന് വേണ്ടി പിന്നാലെ എത്തുകയായിരുന്നു രജനി സന്തോഷ്. താൻ പഞ്ചായത്ത് ഓഫിസിനു പുറത്തിറങ്ങിയിരുന്നില്ലെങ്കിൽ രജനി തന്നെ ആക്രമിച്ചേനെ. വൈസ് പ്രസിഡന്റിന്റെ ഇത്തരം ഹീനമായ നിലപാടുകൾക്ക് എതിരെ പഞ്ചായത്ത് അംഗങ്ങൾ ഒറ്റക്കെട്ടായി നിന്ന് പ്രതിഷേധിക്കാൻ ആലോചിക്കുകയാണ്. ഇത്തരത്തിൽ മുന്നോട്ട് പോകാനാവില്ലെന്നും സിസി ബോബി പറഞ്ഞു.

വിജയപുരം പഞ്ചായത്തിലെ കോൺഗ്രസിലും മഹിളാ കോൺഗ്രസിലും തമ്മിലടിയും പൊട്ടിത്തെറിയും തുടങ്ങിയിട്ട് മാസങ്ങളായി. സിപിഎം വിട്ട് എത്തിയ പ്രവർത്തകയെ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആക്കിയതോടെയാണ് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഇതാണ് ഇപ്പോൾ പഞ്ചായത്ത് ഓഫിസിനുള്ളിൽ ഏറ്റുമുട്ടലിലേയ്ക്ക് എത്തിയിരിക്കുന്നത്. വിഷയത്തിൽ കോൺഗ്രസ് നേതൃത്വം ഇടപെട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ചേരിതിരിവിലേയ്ക്കും തമ്മിലടിയിലേയ്ക്കും ഇത് എത്തുമെന്നാണ് ലഭിക്കുന്ന സൂചന.

Hot Topics

Related Articles