പാലക്കാട്:ഏഴ് ജില്ലകളിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുൻപായി ഇന്ന് നിശബ്ദ പ്രചാരണ ദിനം ആചരിക്കപ്പെടുന്നു. നാളെ നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി വോട്ടർമാരുടെ മനസ് കീഴടക്കാനുള്ള അവസാന ശ്രമങ്ങളുമായി സ്ഥാനാർഥികളും രാഷ്ട്രീയ നേതാക്കളും ഇന്നലെ വരെ ശക്തമായ പ്രചാരണം നടത്തി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് നാളെ പോളിംഗ് നടക്കുന്നത്. ഈ ജില്ലകളിലുടനീളം വീടുതോറും പ്രചരണ റോഡ് ഷോകൾ, കൂടിക്കാഴ്ചകൾ എന്നിവയിലൂടെ വോട്ടർമാരുമായി ബന്ധം ഉറപ്പിക്കാൻ എല്ലാ മുന്നണികളും പരമാവധി ശ്രമിച്ചു.
ഭരണതുടർച്ച ലക്ഷ്യമിട്ടും അധികാരം തിരിച്ചു പിടിക്കാനുമായി വിവിധ മുന്നണികൾ ആവേശഭരിതമായ അവസാന ലാപ്പിലേക്ക് കടന്നിരുന്നു. ചിലിടങ്ങളിൽ ശക്തമായ ത്രികോണപ്പോരാട്ടം ഉടലെടുത്ത സാഹചര്യത്തിൽ നിശബ്ദപ്രചരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ തന്നെ പ്രചാരണ തീവ്രത ഉയർന്നിരുന്നു.നിയമാനുസൃതമായി നിശബ്ദ പ്രചരണം ആരംഭിച്ചതോടെ ഇന്ന് വൈകുന്നേരം മുതൽ ഇലക്ഷൻ കാമ്പെയ്‌നുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും അവസാനിക്കും. നാളെ രാവിലെ മുതൽ വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനായി പോളിംഗ് ബൂത്തിലേക്ക് എത്തും.


