ചെന്നൈ: അണ്ണാ സർവകലാശാല ബലാത്സംഗ കേസില്‍ സർക്കാരിനെ പ്രതിരോധിച്ചും പ്രതിപക്ഷമായ എഐഎഡിഎംകെയെ കടന്നാക്രമിച്ചും നിയമസഭയില്‍ വിശദമായ പ്രസ്താവനയുമായി മുഖ്യമന്ത്രി സ്റ്റാലിൻ. അറസ്റ്റിലായ പ്രതി ജ്ഞാനശേഖരൻ ഡിഎംകെ പ്രവർത്തകൻ അല്ല. ഒരുപക്ഷേ അനുഭാവി ആയിരിക്കാം. ഏതെങ്കിലും മന്ത്രിക്കൊപ്പം പ്രതി ഫോട്ടോ എടുത്താല്‍ ഡിഎംകെക്കാരൻ ആകില്ല. കേസില്‍ ഉള്‍പെട്ടെന്ന് പറയപ്പെടുന്ന സാർ ആരാണ് എന്ന് അറിയാമെങ്കില്‍ എഐഎഡിഎംകെ കോടതിയില്‍ വ്യക്തമാക്കണം.
എസ്ഐടി അന്വേഷണത്തില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്തിയാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു. 2019ലെ പൊള്ളാച്ചി കേസ് പരാമർശിച്ച് എഐഎഡിഎംകെയെ കടന്നാക്രമിച്ച സ്റ്റാലിൻ, കറുത്ത ബാഡ്ജ് ധരിച്ച് സഭയില്‍ ഇരിക്കാൻ നാണമുണ്ടോയെന്നും ചോദിച്ചു. സ്റ്റാലിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എഐഎഡിഎംകെ സഭയില്‍ നിന്നിറങ്ങിപ്പോയി.