എന്താണ് നിങ്ങളുടെ എതിർപ്പിന് കാരണമെന്ന് സുപ്രീംകോടതി; രാഷ്ട്രീയമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം ശബരിമല വീണ്ടും സജീവ ചർച്ചയാകാൻ കാരണം പമ്ബയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനമായിരുന്നു.വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടാണ് അയ്യപ്പ സംഗമവുമായി സർക്കാർ മുന്നോട്ടുപോവുന്നതെന്ന് ആരോപിച്ച്‌ പ്രതിപക്ഷവും ബിജെപിയുമെല്ലാ രംഗത്തെത്തിയെങ്കിലും പരിപാടിയുമായി മുന്നോട്ട് പോവുമെന്ന് തന്നെയായിരുന്നു സർക്കാർ വ്യക്തമാക്കിയിരുന്നത്. ഇത് വലിയ വിവാദത്തിനും നിയമപോരാട്ടത്തിനും വഴിവെക്കുകയും ചെയ്തു. പക്ഷേ, ആദ്യം ഹൈക്കോടതിയില്‍ നിന്നും ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായതോടെ വലിയ ആശ്വാസത്തിലുമാണ് സർക്കാർ.

Advertisements

സെപ്റ്റംബർ 20 ന് പമ്ബയില്‍ നടക്കാൻ പോകുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്യം സുപ്രീംകോടതി വിവാദത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് തള്ളുകയായിരുന്നു. ഒറ്റ ദിവസം മാത്രം നടക്കുന്ന സംഗമം ഇത്രയധികം വിവാദം ആക്കുന്നത് എന്തിനെന്നാണ് ഹർജി പരിഗണിക്കവെ സുപ്രീം കോടതി ചോദിച്ചത്. സംഗമത്തിന് അനുമതി നല്‍കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനും കോടതി വിസമ്മതിച്ചു. പമ്ബയില്‍ തല്‍സ്ഥിതി തുടരാൻ നിർദേശിക്കണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആഗോള അയ്യപ്പ സംഗമത്തിന് എതിരായ മൂന്ന് ഹർജികള്‍ ആണ് സുപ്രീംകോടതിയില്‍ പരിഗണിച്ചത്. വിസി അജികുമാർ, ഡോ പിഎസ് മഹേന്ദ്ര കുമാർ, അജീഷ് കളത്തില്‍ ഗോപി എന്നിവർ ആയിരുന്നു ഹർജിക്കാർ. പരിസ്ഥിതിലോല പ്രദേശമായ പമ്ബ തീരത്ത് സംഗമം സംഘടിപ്പിക്കുന്നത് ഹൈക്കോടതിയുടെ മുൻ ഉത്തരവിന്റെ ലംഘനം ആണെന്ന് ഡോ മഹേന്ദ്ര കുമാറിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി ബി കൃഷ്ണൻ ചൂണ്ടിക്കാട്ടി.

മുമ്ബ് പമ്ബാ തീരത്ത് രാമകഥ നടത്താൻ തീരുമാനിച്ചപ്പോള്‍ സംസ്ഥാന സർക്കാർ പരിസ്ഥിതി നിയമം ചൂണ്ടിക്കാട്ടി അതിനെ എതിർത്തിരുന്നു എന്ന് സീനിയർ അഭിഭാഷകൻ പി ബി കൃഷ്ണനും, അഭിഭാഷകൻ എംഎസ് വിഷ്ണു ശങ്കറും ചൂണ്ടിക്കാട്ടി. എന്നാല്‍ ആഗോള അയ്യപ്പ സംഗമം നടത്താൻ ചില നിബന്ധനകള്‍ ഹൈക്കോടതി മുന്നോട്ട് വച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ നിബന്ധകള്‍ പൂർണമായും പാലിക്കുമെന്ന് ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ഗിരിയും, അഭിഭാഷകൻ പിഎസ് സുധീറും കോടതിയെ അറിയിച്ചു.

ആഗോള അയ്യപ്പ സംഗമത്തിനോടുള്ള എതിർപ്പിന് കാരണം എന്നതാണെന്ന് ഹർജിക്കാരോട് സുപ്രീം കോടതി ആരാഞ്ഞു. രാഷ്ട്രീയമാണ് എതിർപ്പിന് കാരണമെന്ന് ഹർജിക്കാരനായ വിസി അജികുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ കൃഷ്ണ രാജ് ചൂണ്ടിക്കാട്ടി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ബോർഡ് യോഗം അയ്യപ്പ സംഗമം നടത്താൻ തീരുമാനിച്ചിട്ടില്ല. മറിച്ച്‌ ഒരു അവലോകന യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇപ്പോള്‍ സംഗമം നടക്കുന്നത് എന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.

കേരള ഹൈക്കോടതി പുറപ്പടുവിച്ചത് ഇടക്കാല ഉത്തരവ് ആണെന്നും സംഗമം നടത്താൻ ബോർഡിന് അവകാശം ഉണ്ടോയെന്ന കാര്യം ഹൈക്കോടതി പരിശോധിക്കുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന് വേണ്ടി മുൻ സോളിസിറ്റർ ജനറല്‍ രഞ്ജിത്ത് കുമാർ, സ്റ്റാന്റിംഗ് കോണ്‍സല്‍ സികെ ശശി എന്നിവർ ഹാജരായി.

Hot Topics

Related Articles