ചെന്നൈ: മുംബൈയിൽ നിന്നു തായ്ലൻഡിലെ ഫുക്കറ്റിലേക്ക് പോയ ഇൻഡിഗോ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്നു ചെന്നൈയിൽ അടിയന്തരമായി ഇറക്കി. 6 ഇ 1089 നമ്പർ വിമാനത്തിലായിരുന്നു സംഭവം. 182 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.വിമാനത്തിന്റെ ശുചിമുറിയിൽ ബോംബ് വെച്ചിട്ടുണ്ടെന്നും യാത്രയ്ക്കിടെ പൊട്ടിത്തെറിക്കുമെന്നും ഒരജ്ഞാതൻ മുംബൈ വിമാനത്താവളത്തിൽ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കുകയായിരുന്നു. എന്നാൽ വിമാനം ചെന്നൈയുടെ വ്യോമപരിധിയിലായതിനാൽ അടിയന്തര നടപടികളിലൂടെ രാത്രി 7.20ന് സുരക്ഷിതമായി ചെന്നൈയിൽ ലാൻഡ് ചെയ്യിച്ചു.തുടർന്ന്, എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ച ശേഷം ബോംബ് സ്ക്വാഡും സുരക്ഷാ ഏജൻസികളും ചേർന്ന് വ്യാപക പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. പൂർണ്ണ പരിശോധനയ്ക്കു ശേഷം പുലർച്ചെ 3.34ന് വിമാനം ചെന്നൈയിൽ നിന്നു വീണ്ടും ഫുക്കറ്റിലേക്കു പുറപ്പെട്ടു.തായ്ലൻഡ് സമയം രാവിലെ 8.07ന് വിമാനം സുരക്ഷിതമായി ഫുക്കറ്റിൽ ലാൻഡ് ചെയ്തു.
ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; ചെന്നൈയിൽ അടിയന്തര ലാൻഡിങ്


