കൊച്ചി: സ്വർണക്കടത്ത് കേസിൽ ജുഡീഷ്യൽ കമ്മിഷൻ നിയമിച്ചതിനെതിരായ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ, ഡിവിഷൻ ബെഞ്ച് തള്ളി. ഇതോടെ, സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.മുഖ്യമന്ത്രിയും അന്നത്തെ സ്പീക്കറും അടക്കമുള്ളവർക്ക് മേൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ഗൂഢാലോചന നടത്തിയോ എന്ന് അന്വേഷിക്കാനായിരുന്നു സർക്കാർ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചത്. റിട്ട. ജസ്റ്റിസ് വി.കെ. മോഹനൻ അധ്യക്ഷനായ കമ്മിഷനെയാണ് നിയമിച്ചത്.എന്നാൽ, സമാന്തര അന്വേഷണം കേസ് അവതാളത്തിലാക്കുമെന്ന വാദം ഉന്നയിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കമ്മിഷൻ വഴി സ്വാധീനമുള്ളവർ ചെയ്ത കുറ്റകൃത്യങ്ങളുടെ അന്വേഷണം അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, കേന്ദ്ര ഏജൻസിക്കെതിരെ സംസ്ഥാനത്തിന് ഇത്തരമൊരു കമ്മിഷനെ നിയോഗിക്കാൻ അധികാരമില്ലെന്നും ഇ.ഡി വാദിച്ചു. കമ്മിഷനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗമാണെന്നും അവർ പറഞ്ഞു.കേന്ദ്ര സർക്കാരിലെ ഒരു വകുപ്പ് മാത്രമാണ് ഇ.ഡി, അതിനാൽ അവർക്ക് ഹർജി നൽകാനാവില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി സിംഗിൾ ബെഞ്ച് കമ്മിഷൻ നിയമനം സ്റ്റേ ചെയ്തിരുന്നു. ഇന്ന് ജസ്റ്റിസുമാരായ എസ്.എ. ധർമാധികാരി, വി.എം. ശ്യാംകുമാർ എന്നിവർ അധ്യക്ഷരായ ഡിവിഷൻ ബെഞ്ച് ആ തീരുമാനം ശരിവച്ചു.


