കാസർഗോഡ്: ലഹരിമരുന്ന് കേസിലെ പ്രതിയായ ഡോക്ടറെ അന്വേഷിക്കവേ പൊലീസ് വാഹനവും ലോറിയും കൂട്ടിയിടിച്ച് സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ കെ.കെ. സജീഷ് (40) മരിച്ചു. മറ്റൊരു ഉദ്യോഗസ്ഥൻ സുഭാഷ് ചന്ദ്രന് പരിക്കേറ്റു.ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിൽ പ്രവർത്തിക്കുന്ന ചെറുവത്തൂർ മയ്യിച്ച സ്വദേശിയായ സജീഷ് ഇന്ന് പുലർച്ചെ 2.45 മണിക്ക് ചെങ്കള നാലാം മൈലിൽ, കാറിൽ നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കവേ ടിപ്പറുമായി കൂട്ടിയിടുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സജീഷിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സുഭാഷ് ചന്ദ്രൻ ചെങ്കള ഇ.കെ. നായനാർ ആശുപത്രിയിൽ ചികിത്സയിലാണ്.വിവരങ്ങൾ പ്രകാരം, വൈകിട്ട് നാലരയോടെ കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവും മേൽപ്പറമ്പ് പൊലീസ് പിടികൂടിയിരുന്നു.
കേസിലെ പ്രതിയായ ചട്ടഞ്ചാൽ സ്വദേശിയായ അഹമ്മദ് കബീർ അറസ്റ്റിലായി, രണ്ടാമത്തെ പ്രതി കണ്ണൂർ സ്വദേശി ഡോ. മുഹമ്മദ് സുനീർ രക്ഷപെട്ടു. ഇയാൾ കാസർകോട് ഭാഗത്തുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണം നടത്തിയിരിക്കുകയായിരുന്ന വേളയിലാണ് അപകടം.അപകടകാരിയായി വാഹനം ഓടിച്ച ടിപ്പർ ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച ജില്ലാ പൊലീസ് ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ച് സംസ്‌കരിക്കും.സജീഷിന്റെ ഭാര്യ: ഷൈനിമക്കൾ: ദിയ (ആറാം ക്ലാസ്), ദേവനന്ദൻ (എൽകെജി)


