കോട്ടയം: ഒരു കിലോ കഞ്ചാവ് പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നതിനിടെ പിടിയിലായ കഞ്ചാവ് വിൽപ്പനക്കാരൻ ബാദുഷ ജില്ലയിലേയ്ക്കു കഞ്ചാവ് വിതരണം ചെയ്യുന്ന പ്രധാന സപ്ലൈയർ. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസിൽ പ്രതിയുമായ കോട്ടയം സ്വദേശിയായ ഗുണ്ടാ സംഘത്തലന്റെ ലഹരി മാഫിയ സംഘത്തിലെ പ്രധാനിയുമാണ് ബാദുഷ. ഇയാളെ എക്സൈസ് സംഘം പിടികൂടിയതോടെ ജില്ലയിലേയ്ക്ക് കഞ്ചാവും, എം.ഡി.എം.എയും അടക്കമുള്ള ലഹരി എത്തിക്കുന്ന മാഫിയ സംഘത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് എക്സൈസ് സംഘം പ്രതീക്ഷിക്കുന്നത്.
കഞ്ചാവ് അടക്കം നിരവധി ലഹരി മരുന്നുകേസുകളിൽ പ്രതിയാണ് കാരാപ്പുഴ സ്വദേശിയായ ബാദുഷാ ഷാഹിൽ (29). നേരത്തെ ഇയാൾക്കെതിരെ ജില്ലാ പൊലീസ് നർക്കോട്ടിക് കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയിരുന്നു. ഇതിനു പിന്നാലെ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ഇയാൾ വീണ്ടും ലഹരി മരുന്ന് കച്ചവടം നടത്തിയത്. ഈ കേസിലാണ് ഇയാൾ ഇപ്പോൾ വീണ്ടും അറസ്റ്റിലായിരിക്കുന്നത്. കോട്ടയം വെസ്റ്റിലും, എക്സൈസിലും അടക്കം പത്തോളം ലഹരി മരുന്ന് കേസുകളിൽ പ്രതിയാണ് ബാദുഷ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ലയിലെ കുപ്രസിദ്ധനായ ഗുണ്ടാ സംഘത്തലവന്റെ ലഹരി മാഫിയ സംഘത്തെ നിയന്ത്രിക്കുന്നത് ബാദുഷയാണ് എന്നാണ് എക്സൈസും പൊലീസും പറയുന്നത്. തമിഴ്നാട്ടിലും, ആന്ധ്രയിലും ബാംഗ്ലൂരിലും അടക്കം വൻ ശൃംഖലയാണ് ഈ മാഫിയ സംഘം സൃഷ്ടിച്ചിരിക്കുന്നത്. കണ്ണൂരിൽ കൊലക്കേസ് പ്രതിയായ ഗുണ്ടാ സംഘത്തലവന് കേരളത്തിനും പുറത്തും വിപുലമായ ക്രിമിനൽ ബന്ധങ്ങളുണ്ട്. ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് ഈ മാഫിയ സംഘം ലഹരി എത്തിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഈ ഗുണ്ടാ സംഘത്തലവനുമായി ബാദുഷായുടെ ഇടപാടുകളുടെ വിവരങ്ങൾ എക്സൈസ് സംഘം ശേഖരിച്ചു വരികയാണ്.
ജില്ലയിലേയ്ക്കു വ്യാപകമായി കഞ്ചാവ് എത്തിച്ചിരുന്ന ഗുണ്ടാ സംഘത്തലവനെതിരെ നേരത്തെ പൊലീസ് കാപ്പ ചുമത്തി കരുതൽ തടങ്കലിലടച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ ലഹി മാഫിയ ഇടപാടുകൾ എല്ലാം പ്രതികൾ ബാദുഷായെ കൊണ്ട് നിയന്ത്രിച്ചിരുന്നത്. ഈ സംഘത്തിലെ ലഹരിക്കടത്തുകാർ എല്ലാവരും തന്നെ 17- 18 വയസ് പ്രായമുള്ള യുവാക്കളാണ്. ഇത്തരത്തിൽ യുവാക്കളെ കണ്ടെത്തുന്നതും ലഹരി വിൽപ്പനയ്ക്ക് നിയോഗിക്കുന്നതും അടക്കം ചെയ്യുന്നത് ബാദുഷാ ആണെന്നാണ് വിവരം. ഇത്തരത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഈ സംഘത്തിന് വിപുലമായ നെറ്റ് വർക്ക് ഉണ്ടെന്നാണ് വിവരം. ബാദുഷയുടെ അറസ്റ്റും, ഇയാളുടെ ഫോൺ പിടിച്ചെടുക്കുകയും ചെയ്തതോടെ ഈ നെറ്റ് വർക്കിന്റെ വേരറുക്കാനാവുമെന്നാണ് എക്സൈസ് പ്രതീക്ഷിക്കുന്നത്.


