കോട്ടയം: ഡ്യൂട്ടിയ്ക്ക് വരാനുള്ള യാത്രയ്ക്കിടെ കുഴഞ്ഞ് വീണ മരിച്ച കെ.എസ്.ആർ.ടി.സി എംപാനൽ ഡ്രൈവറുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം കെ.എസ്.ആർ.ടി.സി ബസിൽ വീട്ടിലെത്തിക്കാൻ 3600 രൂപ വാടക ഈടാക്കി കെ.എസ്.ആർ.ടി.സി. സംഭവത്തിൽ പ്രതിഷേധവുമായി കെ.എസ്.ആർ.ടി.സി ജീവനക്കാരും രംഗത്ത് എത്തി. കുഴഞ്ഞു വീണ് മരിച്ച ജീവനക്കാരന്റെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡിപ്പോയിലെ മുതിർന്ന ഉദ്യോഗസ്ഥർ ആരും തന്നെ എത്താതിരുതും പ്രതിഷേധത്തിന് ഇടയാക്കി.
കഴിഞ്ഞ 25 ന് പുലർച്ചെ അഞ്ചരയ്ക്ക് കഞ്ഞിക്കുഴിയിൽ കുഴഞ്ഞ് വീണ് മരിച്ച താല്കാലിക ഡ്രൈവറോടാണ് കെ.എസ്.ആർ.ടി.സി അധികൃതർ അവഗണന കാട്ടിയതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
25 ന് പുലർച്ചെ കോട്ടയം കോയമ്പത്തൂർ സർവീസിൽ ഡ്യൂട്ടി ചെയ്യുന്നതിനു വേണ്ടിയാണ് മാങ്ങാനം സ്വദേശിയായ സിബി സേവ്യർ വീട്ടിൽ നിന്നും പുറപ്പെട്ടത്. കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷനിൽ എത്തിയപ്പോൾ ബൈക്കിന്റെ പെട്രോൾ തീരുകയായിരുന്നു. തുടർന്ന് ബൈക്ക് തള്ളുന്നതിനിടെ സിബി റോഡിൽ കുഴഞ്ഞു വീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, അന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ ഡിപ്പോയിലെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ ആരും തന്നെ സിബിയുടെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചപ്പോൾ വിവരം നൽകാൻ എത്തിയില്ലെന്നും ജീവനക്കാർ പരാതിപ്പെടുന്നു. രണ്ട് ഡ്രൈവർമാരാണ് വിവരം അറിയിച്ചത്. പ്രൈവറ്റ് ആശുപത്രിയിൽ നിന്നും മൃതദേഹം വീട്ടിലേയ്ക്കു കൊണ്ടു പോകുന്ന വഴി കോട്ടയം ഡിപ്പോയിൽ പൊതുദർശനത്തിന് വയ്ക്കാൻ വീട്ടുകാർ സമ്മതിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സിബിയുടെ മൃതദേഹത്തെ അനുഗമിക്കാൻ സിബി ഓടിച്ചിരുന്ന ബസ് തന്നെ വിട്ടു നൽകണമെന്ന് ജീവനക്കാർ എ.ടി.ഒയോട് അഭ്യർത്ഥിച്ചു. എന്നാൽ, ഡിപ്പോ അധികൃതർ ഇതിന് തയ്യാറായില്ല. ഇതേ തുടർന്ന് ജീവനക്കാർ പിരിവിട്ട് 3600 രൂപ മുടക്കി ബസ് വാടകയ്ക്ക് എടുത്താണ് പോയത്. ഇത്തരത്തിൽ ഗുരുതരമായ അവഗണനയാണ് കെ.എസ്.ആർ.ടി.സിയിലെ ഒരു താല്കാലിക ജീവനക്കാരനോട് കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോ അധികൃതർ കാട്ടിയതെന്നാണ് ജീവനക്കാരുടെ പരാതി. സംഭവത്തിൽ പ്രതിഷേധവുമായി ജീവനക്കാർ രംഗത്ത് എത്തിയിട്ടുണ്ട്.


