പത്തനംതിട്ട :ശബരിമല സ്വർണപ്പാളി വിവാദത്തിൽ ആരോപണങ്ങൾ തള്ളി ഉണ്ണികൃഷ്ണൻ പോറ്റി. സ്വർണപ്പാളി ഉപയോഗിച്ച് പണപ്പിരിവ് നടത്തിയിട്ടില്ലെന്നും പ്രാർത്ഥനകളും പൂജകളും മാത്രമാണ് നടന്നതെന്നും അദ്ദേഹം മൊഴി നൽകി. താനടക്കം മൂന്ന് പേർ ചേർന്നാണ് സ്വർണം പൂശാനുള്ള ചെലവ് വഹിച്ചതെന്നും ഏകദേശം 15 ലക്ഷം രൂപ ചെലവായെന്നും ഉണ്ണികൃഷ്ണൻ പോറ്റി അവകാശപ്പെട്ടു.സ്വർണപ്പാളി ബെംഗളൂരുവിലേക്ക് കൊണ്ടുപോയത് സമ്മതിച്ച അദ്ദേഹം, അങ്ങനെ ചെയ്യരുതെന്ന് ആരും പറഞ്ഞിരുന്നില്ലെന്നും വ്യക്തമാക്കി.
“സ്വർണം പൂശാൻ ചില സാങ്കേതിക തടസങ്ങൾ വന്നതിനാൽ ചെന്നൈയിലെത്തിക്കൽ വൈകിയതാണ്,” എന്നും പോറ്റി മൊഴിയിൽ പറഞ്ഞു.അതേസമയം, ശ്രീകോവിലിൽ സ്ഥാപിക്കാനായി പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടുപോയ സ്വർണവാതിലിന്റെ കൂടുതൽ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. ട്രാക്ടർ ഉപയോഗിച്ചാണ് പാളി സന്നിധാനത്തെത്തിച്ചത്.ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹസ്പോൺസറായ ബെംഗളൂരുവിലെ വ്യവസായി അജി കുമാറും കോട്ടയം സ്വദേശി സി.കെ. വാസുദേവനും ചേർന്നാണ് 2019 മാർച്ച് 10-ന് പാളി സന്നിധാനത്ത് സ്ഥാപിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാദങ്ങൾ ശക്തമാകുന്നതിനിടെ, ദ്വാരപാലക ശിൽപങ്ങളുടെ പാളികളിൽ സ്വർണം തന്നെയാണു പൂശിയതെന്ന് ചെന്നൈയിലെ കരാർ കമ്പനിയുടെ ഉടമ ജഗൻ നാഥ് സ്ഥിരീകരിച്ചു. “ദേവസ്വം പ്രതിനിധികളെയും സ്പോൺസറെയും സാക്ഷിയാക്കി ജോലികൾ പൂർത്തിയാക്കിയതാണ്. ജോലികൾക്ക് മേൽനോട്ടം വഹിച്ച എന്റെ പിതാവും മറ്റു തൊഴിലാളികളും ഇനി ജീവിച്ചിട്ടില്ല. സ്വർണം തനിയെ ഇല്ലാതാകില്ല. ചെമ്പിൽ 24 കാരറ്റ് സ്വർണം പൂശിയായിരുന്നു കരാർ,” എന്നും അദ്ദേഹം വ്യക്തമാക്കി.


