തിരുവനന്തപുരം:വിഴിഞ്ഞം ഔട്ടർ റിങ് റോഡിനായി വർഷങ്ങൾക്കുമുമ്പ് ഭൂമി വിട്ടുനൽകിയവർക്കിതുവരെ നഷ്ടപരിഹാരം ലഭിക്കാത്തത് നിരവധി കുടുംബങ്ങളെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി. മക്കളുടെയും കൊച്ചുമക്കളുടെയും വിവാഹം മുടങ്ങിയും വീടുകളില്ലാതെ അലഞ്ഞും മനുഷ്യർ ദുരിതത്തിലായിരിക്കുകയാണ്.വെമ്പായത്തുണ്ടിലെ നിരവധി വീടുകൾ റിങ് റോഡ് പദ്ധതിക്കായി ഏറ്റെടുത്തെങ്കിലും, പണമായി കിട്ടേണ്ട നഷ്ടപരിഹാരത്തിനായി ഇവർ ഇന്നും കാത്തിരിക്കുകയാണ്.
ഈ നീണ്ട കാത്തിരിപ്പ് ജീവിതം തന്നെ തകർത്തവസ്ഥയിലാണ്.മാണിക്കൽ സ്വദേശിയായ സൈനബ ബീവി (68) ന്റെ ജീവിതത്തിൽ ഇനി ബാക്കിയുള്ളത് ഒരു ആഗ്രഹം മാത്രം.സ്വന്തം പേരിലുള്ള എട്ട് സെന്റ് ഭൂമി വിറ്റ് കൊച്ചുമകളെ വിവാഹം കഴിപ്പിക്കാനായിരുന്നു സ്വപ്നം. “ഔട്ടർ റിങ് റോഡിനായി സ്ഥലം പോയപ്പോൾ നഷ്ടപരിഹാരത്തുക അതിന് ഉപയോഗിക്കാമെന്ന് കരുതി. പക്ഷേ അതും തകരാറിലായി,” സൈനബ ബീവിയുടെ കണ്ണുനനയുന്ന വാക്കുകൾ.സൈനബയുടെ അടുത്ത് താമസിക്കുന്ന ലില്ലി (72)നും അതേ വേദന. മകൻ ബാബുവിന്റെ വീടും സ്ഥലവും ഏറ്റെടുത്തതോടെ കൊച്ചുമകളുടെ വിവാഹം നടക്കാതെ പോയി. “എല്ലാം ഒരുങ്ങിയിരുന്നു, പക്ഷേ സ്ഥലം പോയി. നഷ്ടപരിഹാരമുണ്ടായിരുന്നെങ്കിൽ കൊച്ചുമകളെ വീട്ടിലാക്കാമായിരുന്നു,” ലില്ലി പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാണിക്കൽ പഞ്ചായത്തിലെ ചിറത്തലയ്ക്കൽ വാർഡിൽ താമസിക്കുന്ന അബ്ദുൽ വാഹിദ്ന്റെ കഥയും അതേപോലെയാണ്. മകളുടെ വിവാഹത്തിനുള്ള തീയതി ഉറപ്പിച്ചിരിക്കെ വീടും 28 സെന്റ് സ്ഥലവും ഏറ്റെടുത്തു വിജ്ഞാപനം ഇറങ്ങി. നഷ്ടപരിഹാരം ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ വായ്പയെടുത്തും പുതിയ ഭൂമി വാങ്ങിയും വാഹിദ് കുടുങ്ങി. നഷ്ടപരിഹാരം കിട്ടാതായതോടെ വായ്പ തിരിച്ചടയ്ക്കാനാകാതെ കുടുംബം കടബാധ്യതയുടെ ചുഴിയിലായി.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയും ഭരണകൂടത്തിന്റെ പിടിപ്പ് കേടും ഈ കുടുംബങ്ങളുടെ ജീവിതസ്വപ്നങ്ങൾ തന്നെ തകർത്തു. “ഭൂമി നഷ്ടമായത് മാത്രം അല്ല, ജീവിതമൊന്നാകെ നഷ്ടമായി,”വെമ്പായം സ്വദേശിയായ ഒരു മുതിർന്നവന്റെ വാക്കുകളിൽ അത്രയേറെ ദു:ഖവും നിരാശയും നിറഞ്ഞിരിക്കുന്നു.


