തിരുവനന്തപുരം:ശബരിമലയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മൂന്ന് കോടി രൂപ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന് കൈമാറിയതായി വിവരം. “ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ” എന്ന സ്ഥാപനത്തിനാണ് ഈ തുക നൽകിയിരിക്കുന്നത്.മൊത്തം 8.2 കോടി രൂപയാണ് ഇവരുടെ സേവനത്തിന് നിശ്ചയിച്ചിട്ടുള്ളതെന്നും അതിൽ 3 കോടി രൂപയാണ് ഇതിനകം വിതരണം ചെയ്തതെന്നും ഉത്തരവിൽ പറയുന്നു. ദേവസ്വം ബോർഡിന്റെ സർപ്ലസ് ഫണ്ടിൽ നിന്നാണ് തുക നൽകിയതെന്നതാണ് ലഭ്യമായ വിവരം.അതേസമയം, സർപ്ലസ് ഫണ്ടിൽനിന്ന് നേരിട്ട് പണം ചെലവഴിച്ചിട്ടില്ലെന്നും അയ്യപ്പസംഗമത്തിനായി ദേവസ്വം അക്കൗണ്ട്സ് ഓഫിസറുടെ പേരിൽ പ്രത്യേക സേവിങ്സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചിരുന്നെന്നും ബോർഡ് അധികൃതർ വിശദീകരിച്ചു. എന്നാൽ ഈ അക്കൗണ്ടിൽ എത്ര തുക എത്തിയതും എത്ര ചെലവഴിച്ചതുമെന്തെന്നതിൽ വ്യക്തത വരുത്തിയിട്ടില്ല.
സർപ്ലസ് ഫണ്ടിൽനിന്ന് മതപരമായ സമ്മേളനങ്ങൾക്കും പ്രഭാഷണങ്ങൾക്കും പണം ചെലവഴിക്കാനുള്ള വ്യവസ്ഥയുണ്ടെന്നും ഈ തുക പിന്നീട് സ്പോൺസർഷിപ്പിലൂടെ തിരിച്ചുപിടിക്കുമെന്നും ബോർഡിന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു.അയ്യപ്പസംഗമത്തിന് സർക്കാരിന്റെയോ ദേവസ്വം ബോർഡിന്റെയോ പണം ചെലവഴിക്കില്ലെന്നും മുഴുവൻ ചെലവുകളും സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുമെന്നുമായിരുന്നു ദേവസ്വം മന്ത്രി മുൻപ് പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോൾ ബോർഡ് ഫണ്ടിൽനിന്ന് പണം ചെലവാക്കിയ വിവരം പുറത്തുവന്നതോടെ വിവാദം രൂക്ഷമാകുകയാണ്.പരിപാടി കഴിഞ്ഞ് 45 ദിവസത്തിനകം വരവുചെലവ് കണക്കുകൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.


