കോട്ടയം : കോട്ടയം എറണാകുളം റൂട്ടിൽ കോതനല്ലൂർ ബൈക്ക് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് റോഡിൽ വീണ യുവാവ് മറ്റൊരു വാഹനം ഇടിച്ചു മരിച്ചു. തിരുവല്ല കാവുംഭാഗം അമ്പാട്ട് വീട്ടിൽ ജേക്കബ് വർഗീസ് അമ്പാട്ട് (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം. എറണാകുളത്തു നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു ജേക്കബ് സഞ്ചരിച്ച ബൈക്ക്. കോതനല്ലൂർ ഭാഗത്തു വച്ച് നിയന്ത്രണം നഷ്ടമായ ബൈക്ക് മുന്നിൽ പോയ കണ്ടെയ്നർ ലോറിയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജേക്കബും ബൈക്കും റോഡിൽ വീണു. ഈ സമയം പിന്നാലെ എത്തിയ പിക്കപ്പ് വാൻ ജേക്കബിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങി കടന്നു പോവുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. പ്രദേശത്ത് എത്തിച്ചേർന്ന നാട്ടുകാർ ചേർന്ന് 108 ആംബുലൻസിൽ മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

