കോഴിക്കോട് :താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ സർക്കാർ ഡോക്ടർമാർ മിന്നൽ സമരത്തിലേക്ക്. അത്യാഹിത വിഭാഗം ഒഴികെ മറ്റ് എല്ലാ വിഭാഗങ്ങളുടെയും പ്രവർത്തനം നിലച്ചു.സർക്കാരാശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമ്പോഴും, ജോലി സുരക്ഷയ്ക്കായി സർക്കാർ നൽകിയ ഉറപ്പ് പാലിക്കപ്പെടുന്നില്ലെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ കെജിഎംഓഎ സംസ്ഥാന നേതൃത്വം ആരോപിച്ചു.
ആയുധങ്ങളുമായി ആശുപത്രിയിൽ പ്രവേശിക്കാൻ ആളുകൾക്ക് സാധിക്കുന്ന അവസ്ഥയാണെന്നും, ആരോഗ്യപ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കേണ്ടത് അടിയന്തിരമാണെന്നും കെജിഎംഓഎ സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ. വിപിന് വടിവാൾ കൊണ്ട് തലയ്ക്ക് ഗുരുതരമായി വെട്ടേറ്റു. മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസ്സുകാരി കുട്ടിയുടെ പിതാവ് സനൂപ് ആണ് ആക്രമിച്ചത്. “മകളെ കൊന്നവനല്ലേ” എന്ന് ആക്രോശിച്ചാണ് ഇയാൾ ഡോക്ടറിനെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ആക്രമണത്തിൽ തലക്ക് ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സനൂപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സനൂപിന്റെ മകൾ ഓഗസ്റ്റിൽ മസ്തിഷ്കജ്വരബാധയെ തുടർന്ന് മരിച്ചു. പനി ബാധിച്ചതിനെത്തുടർന്ന് കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ചികിത്സയിലുണ്ടായ വീഴ്ചയാണ് മരണത്തിൽ കലാശിച്ചതെന്നാരോപിച്ച് കുടുംബം തുടക്കം മുതലേ പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ ആരോഗ്യവകുപ്പ് ഇതിനെതിരെ യാതൊരു അന്വേഷണനടപടിയും സ്വീകരിച്ചില്ലെന്നും, ഇതിൽ രോഷം കൊണ്ടാണ് പിതാവ് ഡോക്ടറെ ആക്രമിച്ചതെന്നാണു റിപ്പോർട്ടുകൾ.സംഭവത്തെ തുടർന്ന് ആശുപത്രിയിൽ ഉണ്ടായിരുന്ന മറ്റ് ആരോഗ്യപ്രവർത്തകരും രോഗികളുമായവർ ചേർന്ന് പ്രതിയെ തടഞ്ഞു പൊലീസ് അറിയിച്ചതോടെയാണ് ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്.


