പുതുക്കാട് :ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി, റെയിൽവേ ഗേറ്റ് ഇടിച്ച് തകർന്നതിനെ തുടർന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. തീപ്പൊരി പടർന്നെങ്കിലും സിലിണ്ടറുകൾക്ക് തീപിടിക്കാതിരുന്നതോടെ വൻ ദുരന്തം ഒഴിവായി.കൊച്ചിയിലെ ഭാരത് പെട്രോളിയത്തിൽ നിന്ന് ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ ലോറിയാണ് പുതുക്കാട് റെയിൽവേ ഗേറ്റിൽ ഇടിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പരശുരാം എക്സ്പ്രസ് കടന്നുപോകുന്നതിനായി ഗേറ്റ് അടയ്ക്കുന്നതിനിടെ ലോറി കടന്നുപോകാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ഗേറ്റ് ഇടിച്ചതറിയാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തതോടെ നാട്ടുകാർ ബഹളം വെച്ചു.
തുടർന്ന് ലോറി നിർത്തി.ഇടിയുടെ ആഘാതത്തിൽ ഒടിഞ്ഞ ഗേറ്റ് സമീപത്തെ ഹൈവോൾട്ടേജ് വൈദ്യുതി ലൈനിലേക്ക് വീണു. ഇതോടെ വൈദ്യുതി ലൈനിൽ നിന്ന് തീപ്പൊരി ചിതറുകയായിരുന്നു. ഗ്യാസ് സിലിണ്ടറുകൾ തീപിടിക്കാതെ രക്ഷപ്പെട്ടതോടെ പ്രദേശം ഒരു വൻദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് സമീപപ്രദേശങ്ങളിൽ വൈദ്യുതി വിതരണവും നിലച്ചിരുന്നു.അപകടത്തെ തുടർന്ന് ഇരുവശത്തേക്കുമുള്ള ട്രെയിനുകൾ ഏകദേശം ഒരു മണിക്കൂർ പിടിച്ചിട്ടു. ചാലക്കുടിയിൽ നിന്നെത്തിയ റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാർ ഗേറ്റ് ലൈനിൽ നിന്ന് മാറ്റുകയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും ചെയ്തു. ഉച്ചയ്ക്ക് 2.30-ഓടെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ, ഗേറ്റ് പൂർണ്ണമായും തകർന്നതിനാൽ പുതുക്കാട്–ഇരിങ്ങാലക്കുട–ഊരകം റോഡിൽ ഗതാഗതം തുടർച്ചയായി തടസ്സപ്പെട്ടിരിക്കുകയാണ്.


