കോട്ടയം: പാമ്പാടി മീനടത്ത് ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ വൻ ഇടപെടലിൽ കുടുങ്ങിയത് ജില്ലയിലെ ഏറ്റവും വലിയ ലഹരി മാഫിയ സംഘം. 80 ഗ്രാം എം.ഡി.എം.എയാണ് പ്രതികളിൽ നിന്നും പൊലീസ് സംഘം പിടിച്ചെടുത്തത്. ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണ് പാമ്പാടി മീനടത്ത് ഞായറാഴ്ച നടന്നത്. ബംഗളൂരുവിൽ നിന്നും എത്തിച്ച എം.ഡി.എം.എയുമായി പാമ്പാടി മീനടം ഭാഗത്ത് പുത്തൻപുരപടിയിൽ വാടകയ്ക്ക് താമസിക്കുന്ന ചങ്ങനാശേരി തോട്ടയ്ക്കാട് ഇരവുചിറ വെള്ളാത്തടത്തിൽ വീട്ടിൽ അമൽദേവ് (38), ഇയാളുടെ ഭാര്യ ശരണ്യ (35), ഇവരുടെ സഹായി രാഹുൽ രാജ് (36) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സംഘവും പാമ്പാടി പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ലയിലേയ്ക്ക് വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നതായി പൊലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘത്തിന്റെയും ഇന്റലിജൻസിന്റെയും നേതൃത്വത്തിൽ പ്രതികളെ ദിവസങ്ങളോളമായി നീരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് പ്രതികൾ എം.ഡി.എം.എയുമായി ജില്ലയിലേയ്ക്ക് എത്തുകയാണ് എന്ന വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം പ്രതികളുടെ ഫോൺകോൾ വിവരം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെയാണ് പ്രതികളെ പൊലീസ് സംഘം പിടികൂടിയത്. ഇവർ എം.ഡി.എം.എ കടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് സംഘം പിടിച്ചെടുത്തു. ഈ സംഘത്തിന് ആലപ്പുഴയിൽ അടക്കം വിവിധ ലഹരി മരുന്ന് കേസുകൾ നിലവിലുണ്ട്. ഡൻസാഫ് എസ്.ഐ സുനേകിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി മാഫിയ സംഘത്തെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.


