പാലക്കാട്: ബന്ധുവിന്റെ വിവാഹത്തില്‍ സന്തോഷത്തോടെ പങ്കെടുത്ത് ഭര്‍തൃവീട്ടിലേക്ക് മടങ്ങിയ യുവതി മണിക്കൂറുകള്‍ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ. പാലക്കാട് കുഴല്‍മന്ദത്ത് രമേശിന്റെ ഭാര്യ ഗ്രീഷ്മയുടെ മരണത്തെ തുടര്‍ന്ന് ഭർതൃവീട്ടുകാർക്കെതിരെ പീഡനാരോപണവുമായി കുടുംബം രംഗത്ത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത കുഴല്‍മന്ദം പൊലീസ് അന്വേഷണം ആരംഭിച്ചു. 70 കാരിയായ വേശിയുടെ ഏക മകളാണ് ഗ്രീഷ്മ. ഏഴു വർഷം മുൻപ് കയ്യിലുള്ളതെല്ലാം കൊടുത്ത് വിവാഹം ചെയ്തയച്ചു. ഗ്രീഷ്മക്ക് മക്കളുണ്ടാകാൻ വൈകി. മൂന്നുവയസുകാരൻ മകനുണ്ടായപ്പോള്‍ മകനെ ഗ്രീഷ്മയില്‍ നിന്നും അകറ്റാൻ ശ്രമിച്ചു. ചെലവിന് പോലും കൊടുക്കാതെ പ്രയാസപ്പെടുത്തി.സംഭവം നടന്ന ഇക്കഴിഞ്ഞ ഞായറാഴ്ച തനിക്കൊപ്പം ഗ്രീഷ്മയും ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുത്തു. ശേഷം സന്തോഷത്തോടെ യാത്രപറഞ്ഞ് ഭർതൃവീട്ടിലേക്ക് പോയി. വൈകിട്ട് 7.30 ഓടെ ഗ്രീഷ്മയ്ക്ക് സുഖമില്ലെന്ന് ഭർതൃവീട്ടില്‍ നിന്നും വിവരം ലഭിക്കുകയായിരുന്നു . പിന്നാലെ കുത്തനൂരിലെ ഭർതൃവീട്ടിലെത്തിയപ്പോഴേക്കും ഗ്രീഷ്മയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്നാണ് വേശി പൊലീസിന് നല്കിയ പരാതി.
ഭർതൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് ഗ്രീഷ്മ നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കളുടെയും ആരോപണം. അസ്വാഭാവിക മരണത്തിന് കേസെടുത്ത കുഴല്‍മന്ദം പൊലീസ് ഭർതൃവീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. ഗ്രീഷ്മയുടെ അമ്മയുടെയും ബന്ധുക്കളുടേയും മൊഴിയെടുത്ത ശേഷം നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. അതേസമയം ഗ്രീഷ്മയ്ക്ക് വീട്ടില്‍ മറ്റു പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും ഗ്രീഷ്മയുടെ പിതാവുമായി ബന്ധപ്പെട്ട മാനസിക പ്രയാസങ്ങളാകാം മരണകാരണമെന്നാണ് ഭർതൃവീട്ടുകാരുടെ വിശദീകരണം. ഇക്കാര്യവും പോലീസ് പരിശോധിക്കും


