തിരുവനന്തപുരം :പിഎം ശ്രീ സ്കൂൾ പദ്ധതിയിലൂടെയായി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി.) ഘടകങ്ങൾ നടപ്പാക്കാനുള്ള നീക്കം ഇടതുമുന്നണിക്കകത്ത് രാഷ്ട്രീയ ചർച്ചകൾക്കിടയാക്കുന്നു.2023-24ൽ ആരംഭിച്ച പ്രധാനമന്ത്രിയുടെ “ഉദിച്ചുയരുന്ന ഇന്ത്യയ്ക്കായുള്ള” പദ്ധതി ആയ പി.എം. ശ്രീ സ്‌കൂൾ പദ്ധതിയുടെ ലക്ഷ്യം ഓരോ ബ്ലോക്കിലെയും ഒരു സ്കൂളിനെ മാതൃകാ സ്കൂളാക്കി വികസിപ്പിച്ച്, അത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മാറ്റുക എന്നതാണ്. ഇതിന് 60 ശതമാനം ഫണ്ട് കേന്ദ്രവും, 40 ശതമാനം സംസ്ഥാനവും മുടക്കേണ്ടതുണ്ട്.
ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ശക്തമായ പ്രതിപക്ഷം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൻ.ഇ.പി.യുടെ പ്രധാന വിമർശനം വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണവും കാവിവത്കരണവുമാണ്. ചരിത്രബോധത്തെയും സ്വാതന്ത്ര്യ സമരപഥത്തെ പുനരാഖ്യാനിക്കാനുള്ള ശ്രമമാണിതെന്നും ഇടതുപക്ഷം ആരോപിക്കുന്നു. ശിവജി മുതൽ സവർക്കർ വരെയുള്ളവരെ ‘വീരന്മാരായി’ അവതരിപ്പിച്ച് ഗാന്ധി, നെഹ്രു തുടങ്ങിയവരെ അപ്രത്യക്ഷരാക്കാനുള്ള ശ്രമമാണിതെന്നും വിമർശകർ പറയുന്നു.
തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ എൻ.ഇ.പി. നടപ്പാക്കില്ലെന്ന് തുറന്ന നിലപാട് സ്വീകരിച്ചിരുന്നു. തമിഴ്നാട് സുപ്രീം കോടതിയെ സമീപിക്കുകയും “വിദ്യാഭ്യാസം കേന്ദ്ര-സംസ്ഥാന സംയുക്ത പട്ടികയിലെ വിഷയമായതിനാൽ ഏകപക്ഷീയമായി നയം നടപ്പാക്കാനാവില്ല” എന്ന വാദവും മുന്നോട്ടുവച്ചു.
കേരളത്തിലെ നിലപാട് മാറ്റം
കേരളത്തിലും പദ്ധതിക്കെതിരെ ആദ്യ ഘട്ടത്തിൽ തന്നെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. സി.പി.ഐ. “സംഘപരിവാര്‍ അജന്‍ഡയാണ് ഇത്” എന്ന് ചൂണ്ടിക്കാട്ടി മന്ത്രിസഭയിലും പുറത്തും എതിർപ്പുയർത്തിയതോടെ സംസ്ഥാന സർക്കാർ പിന്മാറുകയായിരുന്നു.എന്നാൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി വഷളായതോടെ, കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നിലപാട് മൃദുവാക്കിയത് ശ്രദ്ധേയമായി. “സമഗ്ര ശിക്ഷാ അധ്യാപകർക്ക് മാസങ്ങളായി ശമ്പളം നൽകാനാകുന്നില്ല. 1,500 കോടി രൂപയെങ്കിലും പദ്ധതിയിലൂടെ ലഭിക്കുമെന്നതിനാൽ ധാരണാപത്രത്തിൽ ഒപ്പിടും,” എന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
അദ്ദേഹം കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനുമായി ചർച്ച നടത്തിയതായും, “കേവലം സാങ്കേതികത്വങ്ങൾ പറഞ്ഞ് വിദ്യാർത്ഥികൾക്ക് ഫണ്ട് നിഷേധിക്കാനാകില്ല” എന്നുമാണ് അഭിപ്രായപ്പെട്ടത്.
ഇടതുമുന്നണിക്കകത്ത് രാഷ്ട്രീയ ആശയ
എന്നാൽ, ഈ നീക്കത്തിനെതിരെ സി.പി.ഐ. നേതാവ് ബിനോയ് വിശ്വം തുറന്ന വിമർശനവുമായി രംഗത്തെത്തി.“2026-27ൽ അവസാനിക്കുന്ന പദ്ധതിക്കായി ഒപ്പിടുന്ന ധാരണാപത്രം കൊണ്ട് കേരളത്തിന് വാഗ്ദാനം ചെയ്ത ഫണ്ട് ലഭിക്കാനുള്ള ഉറപ്പ് ഇല്ല. ഇത്ര ചെറിയൊരു തുകയ്ക്ക് സംഘപരിവാർ അജണ്ട നടപ്പാക്കുന്നത് രാഷ്ട്രീയ ആത്മഹത്യയായിരിക്കും,” എന്ന് അദ്ദേഹം പറഞ്ഞു.
റവന്യൂ മന്ത്രി കെ. രാജനും പദ്ധതിയെതിരെ തുറന്ന നിലപാട് പ്രകടിപ്പിച്ചു. “ഒപ്പിട്ട ശേഷം നയം നടപ്പാക്കില്ലെന്ന് വാദിക്കാൻ സാധിക്കില്ല. ഫണ്ട് ലഭിക്കുന്നത് ധാരണാപത്രത്തിലെ നിബന്ധനകൾ പാലിച്ചാലേ ആയിരിക്കൂ,” എന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ തീരുമാനം നിര്‍ണായകം
പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് മന്ത്രിസഭയുടെ ഏകകണ്ഠമായ തീരുമാനം അനിവാര്യമാകും.സി.പി.ഐ. മന്ത്രിമാരുടെ നിലപാട് നിർണായകമാവും.സംഘപരിവാറിന്റെ സമ്മർദ്ദങ്ങളെ ഒന്നിച്ച് നേരിടണമെന്ന് പറയുന്ന ഇന്ത്യ മുന്നണിയുടെ നിലപാടിനും ഈ നീക്കം തിരിച്ചടിയാകുമെന്ന ആശങ്കയും മുന്നണിക്കകത്ത് ഉയരുന്നു.ബി.ജെ.പി. അതേസമയം ഈ മാറ്റം “വൈകിയെങ്കിലും വിവേകം വന്നുവെന്ന്” പറഞ്ഞ് സർക്കാരിനെ പരിഹസിച്ചു, ഇടതുപക്ഷ ഭിന്നത മുതലെടുക്കാൻ യു.ഡി.എഫ്. രംഗത്തുമുണ്ട്.


