കോട്ടയം :രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പാലായിലെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. വാഹന ഗതാഗതം നിയന്ത്രിച്ചിരുന്ന റോഡിലേക്ക് മൂന്നു യുവാക്കൾ ബൈക്കിൽ കയറിച്ചെന്ന സംഭവമാണ് വിവാദമായത്. ബൈക്കിന്റെ മുന്നിലുണ്ടായിരുന്ന യുവാവ് മാത്രമായിരുന്നു ഹെൽമറ്റ് ധരിച്ചിരുന്നത്.സംഭവസ്ഥലത്ത് പൊലീസുകാർ തടയാൻ ശ്രമിച്ചിട്ടും, യുവാക്കൾ പൊലീസിനെ മറികടന്ന് പാഞ്ഞുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.രാഷ്ട്രപതിയുടെ സന്ദർശനനത്തിനെ തുടർന്ന് ജില്ലയിൽ അതീവ കർശനമായ സുരക്ഷാ സംവിധാനമാണ് ഏർപ്പെടുത്തിയിരുന്നത്.
രാഷ്ട്രപതി സന്ദർശിക്കുന്ന സ്ഥലങ്ങൾ അഞ്ച് സോണുകളായി തിരിച്ച് രണ്ട് ഡിഐജിമാരുടെ മേൽനോട്ടത്തിൽ ഏഴ് ജില്ലാ പൊലീസ് മേധാവികൾക്കായിരുന്നു സുരക്ഷാച്ചുമതല.1500ഓളം സായുധ പൊലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി വിന്യസിച്ചത്. ഇതിൽ 200ഓളം പേർ മഫ്തിയിലായിരുന്നു. പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് രാഷ്ട്രപതി കോട്ടയത്തെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഷ്ട്രപതി കുമരകത്ത് താമസിക്കുമ്പോൾ, കോട്ടയം നഗരത്തിൻറെ വിവിധ ഭാഗങ്ങളിലും പാലായിലും കർശന ഗതാഗത നിയന്ത്രണം നടപ്പിലാക്കിയിരുന്നു. പാലാ–ഏറ്റുമാനൂർ റോഡിൽ പാലാ ജനറൽ ആശുപത്രി ജംക്ഷൻ മുതൽ മുത്തോൽ വരെയുള്ള ഭാഗത്ത് വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നു.ഇതിനിടെയാണ് യുവാക്കൾ നിയന്ത്രണം ലംഘിച്ച് ബൈക്കിൽ കടന്നെത്തിയത് എന്നതാണ് പൊലീസ് നിഗമനം.


