പാലക്കാട് :ചികിത്സ പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റേണ്ടിവന്ന ഒൻപത് വയസുകാരി വിനോദിനിയെ സർക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. 32 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ബാലികയ്ക്കുള്ള നഷ്ടപരിഹാരം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും, ചികിത്സാ ചെലവുകൾ മുഴുവൻ കുടുംബം തന്നെ വഹിക്കേണ്ടി വരികയാണെന്നും അവർ പറയുന്നു.സെപ്തംബർ 24 നാണ് പാലക്കാട് ജില്ലയിലെ വീട്ടുവളപ്പിൽ സഹോദരനൊപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് കൈയ്ക്ക് പരുക്ക് സംഭവിച്ചത്. ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കൈയിൽ നീർക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്.
ഇതിനകം നാല് ശസ്ത്രക്രിയകൾ കഴിഞ്ഞ വിനോദിനി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഗുരുതര അനാസ്ഥയ്ക്ക് പിന്നാലെ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തെങ്കിലും, അതിനപ്പുറം നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു.‘മകളുടെ ഭാവി എങ്ങനെയാകും? അവളെ എങ്ങനെ ആശ്വസിപ്പിക്കാം?’ എന്ന് കണ്ണീരോടെ ചോദിക്കുന്നു വിനോദിനിയുടെ അമ്മ. അപകടത്തിനും ചികിത്സാപ്പിഴവിനും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കുടുംബം ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു.


