അന്തർ സംസ്ഥാന സ്വകാര്യ ബസിൽ സീറ്റ് ബുക്ക് ചെയ്ത ശേഷം സമയത്ത് എത്തിയില്ല; സമയത്ത് എത്തണമെന്ന് നിർദേശിച്ച തിരുവനന്തപുരം സ്വദേശിയായ ഡ്രൈവർക്ക് യാത്രക്കാരുടെ മർദനം; മർദനമേറ്റ ബസ് ഡ്രൈവർ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ; സംഭവം കോട്ടയം കോടിമതയിൽ

കോട്ടയം: അന്തർ സംസ്ഥാന സ്വകാര്യ ബസിൽ ഓൺലൈനായി സീറ്റ് ബുക്ക് ചെയ്ത ശേഷം സമയത്ത് എത്താതെ വന്ന യാത്രക്കാരെ സമയത്ത് എത്തണമെന്ന് ഉപദേശിച്ച സ്വകാര്യ ബസ് ഡ്രൈവർക്ക് യാത്രക്കാരുടെ ക്രൂര മർദനം. നാല് യാത്രക്കാരുടെ ക്രൂരമായ മർദനത്തിൽ പരിക്കേറ്റ കിളിമാനൂർ സ്വദേശിയായ ഡ്രൈവർ അജിത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിന്റെയും ക്രൂര മർദനത്തിന്റെയും സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പുറത്തു വന്നു.

Advertisements

നവംബർ ഏഴ് വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ കോട്ടയം കോടിമതയിലായിരുന്നു സംഭവം. പത്തനംതിട്ടയിൽ നിന്നും ബാംഗ്ലൂരിലേയ്ക്കു സർവീസ് നടത്തുന്ന അന്തർ സംസ്ഥാന സ്വകാര്യ ബസിൽ ചിങ്ങവനത്തു നിന്നും, കോടിമതയിൽ നിന്നുമായി രണ്ട് യുവാക്കൾ ഓൺലൈനായി സീറ്റ് ബുക്ക് ചെയ്തിരുന്നു. വൈകിട്ട് 5.30 നാണ് ചിങ്ങവനത്ത് ബസ് എത്തേണ്ടിയിരുന്നത്. ഗതാഗതക്കുരുക്ക് മൂലം ബസ് 5.30 ന് ചങ്ങനാശേരിയിൽ മാത്രമാണ് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയം ബസ് ഡ്രൈവർ ചിങ്ങവനത്ത് നിന്നും കയറാനുള്ള രണ്ട് യാത്രക്കാരെയും ഫോണിൽ ബന്ധപ്പെടുകയും, ബസ് ചങ്ങനാശേരി വിട്ടതായി അറിയിക്കുകയും ചെയ്തു. 5.42 ന് ബസ് ചിങ്ങവനത്ത് എത്തിയ ശേഷം ഡ്രൈവർ ബന്ധപ്പെട്ടപ്പോഴും രണ്ടു പേരും സ്ഥലത്ത് എത്തിയിരുന്നില്ല. ഇതേ തുടർന്ന് ഡ്രൈവർ അഞ്ചു മിനിറ്റ് കാത്ത് നിന്ന ശേഷം ഇവരെ വീണ്ടും വിളിച്ചു. രണ്ട് മിനിറ്റിൽ സ്ഥലത്ത് എത്തുമെന്ന് ഇവർ അറിയിച്ചു. ഇതോടെ കോടിമതയിൽ അടുത്ത സ്‌റ്റോപ്പ് ഉണ്ടെന്നും ഇവിടെ എത്തണമെന്നും അറിയിച്ച് ഡ്രൈവർ ബസ് എടുത്തു.

ബസ് ചിങ്ങവനം ടൗൺ വിട്ടതോടെ ഈ യാത്രക്കാർ രണ്ടു പേരും ഫോണിൽ വീണ്ടും വിളിക്കുകയും ചിങ്ങവനത്ത് എത്തിയതായി അറിയിക്കുകയും ചെയ്തു. ഇതോടെ ഗോമതിക്കവലയിലെ ഡിവൈഡറിനു സമീപം ബസ് നിർത്തിയ ശേഷം ഡ്രൈവർ ഈ രണ്ട് യാത്രക്കാരെയും കയറ്റി. ബസ് വൈകിയെത്തിയത് സംബന്ധിച്ചു തന്നോട് ഈ രണ്ട് യാത്രക്കാരും തട്ടിക്കയറിയതായി ഡ്രൈവർ ആരോപിക്കുന്നു. ഇതിന് ശേഷം ഇവർ സീറ്റിൽ പോയി ഇരിക്കുകയും ചെയ്തു. ഇതിന് ശേഷം ബസ് കോടിമത എത്തിയപ്പോൾ രണ്ട് യാത്രക്കാർ കൂടി ഉള്ളിൽ കയറി. ചിങ്ങവനത്തു നിന്നും യാത്രക്കാരെ കയറ്റാതെ വണ്ടി പോന്നത് എന്താണ് എന്ന ചോദ്യത്തോടെയാണ് രണ്ട് യാത്രക്കാരും ബസിനുള്ളിൽ കയറിയതെന്ന് ഡ്രൈവർ പറയുന്നു.

പിന്നീട് ബസിനുള്ളിലേയ്ക്കു പോയ ശേഷം നാലു പേരും കൂടി മടങ്ങിയെത്തി തന്നെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് ഡ്രൈവറുടെ പരാതി. വണ്ടി വൈകിയെത്തിയത് എന്താടാ.. ഞങ്ങളുടെ പണം തിരികെ താടാ.. ഞങ്ങൾ ബാംഗ്ലൂർ പോകുന്നില്ല… തുടങ്ങി ആക്രോശിച്ചായിരുന്നു മർദനമെന്ന് ഡ്രൈവർ ആരോപിക്കുന്നു. ആദ്യം ബസിനുള്ളിൽ നിന്നും ഇറങ്ങിയെത്തിയവർ ക്ലീനറെ പിടിച്ചു തള്ളി. തുടർന്ന് സംഘം ചേർന്ന് തന്നെ സീറ്റിൽ ഇരുത്തി സംഘം മർദിച്ചതായി ഡ്രൈവർ പറയുന്നു. ഇതിന് ശേഷം ബസിൽ നിന്നും പുറത്തിറങ്ങിയ ശേഷവും മർദനം തുടർന്നു. മർദനത്തിൽ തലയ്ക്കും മുഖത്തും കൈയ്ക്കും നെഞ്ചിലും അഠക്കം പരിക്കേറ്റ ഡ്രൈവർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മർദിച്ച സംഘം പിന്നീട് ബസിൽ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു. മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടിയതോടെ മറ്റൊരു ഡ്രൈവറാണ് വാഹനം തുടർന്ന് ഓടിച്ചത്. സംഭവത്തിൽ വെസ്റ്റ് പൊലീസിൽ പരാതി നൽകുമെന്ന് ഡ്രൈവർ അറിയിച്ചു.

Hot Topics

Related Articles