തിരുവനന്തപുരം: ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനത്തിനായി നിലയ്ക്കൽ, പമ്പ, സന്നിധാനം മേഖലകളിൽ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കി. ഡ്രോൺ നിരീക്ഷണവും എഐ അധിഷ്ഠിത സിസിടിവി സംവിധാനവും ഉൾപ്പെടുത്തി ക്രിമിനലുകളെ തിരിച്ചറിയാനുള്ള ശക്തമായ നടപടികളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.സുരക്ഷിതമായ തീർത്ഥാടനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ നിലയ്ക്കലിൽ അറിയിച്ചു.
ആകെ 18,741 പോലീസുകാരെയാണ് തീർത്ഥാടന കാലയളവിൽ വിന്യസിക്കുന്നത്.ആറ് ഘട്ടങ്ങളായി നടക്കുന്ന തീർത്ഥാടനകാലത്തേക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ മൂന്നു മേഖലയായി നിലയ്ക്കൽ, പമ്പ, സന്നിധാനം വിഭജിച്ചാണ് ഒരുക്കിയിരിക്കുന്നത്. എസ്പിമാരിൽനിന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥർ വരെയുള്ളവരെ ഉൾപ്പെടുത്തി വ്യാപകമായ സേന വിന്യസിക്കും.തീർത്ഥാടകരുടെ സുരക്ഷയ്ക്കൊപ്പം ട്രാഫിക് നിയന്ത്രണത്തിനും പ്രത്യേക ശ്രദ്ധ നൽകും. ബൈക്ക് പട്രോളിംഗ്, മൊബൈൽ പട്രോളിംഗ് എന്നിവയും ഉണ്ടായിരിക്കും. പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് കമാൻഡോകളെ വിന്യസിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലയ്ക്കൽ പ്രധാന വാഹന പാർക്കിങ് മേഖലയായി നിശ്ചയിച്ചിട്ടുണ്ടെന്നും അനധികൃത പാർക്കിങ് അനുവദിക്കില്ലെന്നും പൊലീസ് മേധാവി അറിയിച്ചു. ആവശ്യമായ സിസിടിവി, ശൗചാലയങ്ങൾ എന്നിവയും ഇവിടെ ഉറപ്പാക്കും.ഇടത്താവളങ്ങളിൽ പ്രത്യേക പൊലീസ് സംവിധാനം ഏർപ്പെടുത്തും. പമ്പാതീരത്ത് ബാരിക്കേഡ്, ലൈഫ് ഗാർഡ്, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ക്യൂ കോംപ്ലെക്സുകളിൽ തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനവും പമ്പാ നദിക്കരയിലെ പുതുതായി നിർമ്മിച്ച ജർമ്മൻ ഷെഡുകളിൽ 4000 തീർത്ഥാടകരെ ഉൾക്കൊള്ളാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.പോക്കറ്റടി, അനധികൃത വ്യാപാരം, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയാൻ സ്പെഷൽ ആന്റി തെഫ്റ്റ് സ്ക്വാഡ് പ്രവർത്തിക്കും.
ഡോളി തൊഴിലാളികൾ ഉൾപ്പെടെയുള്ള താത്കാലിക ജീവനക്കാരെ തിരിച്ചറിയാൻ പമ്പ പൊലീസ് വികസിപ്പിച്ച ആപ്പ് ഉപയോഗിക്കും. ആംബുലൻസുകൾക്കായി പ്രത്യേക പാതയും ഉറപ്പാക്കും.പോലീസ്, ജില്ലാ ഭരണകൂടം, അഗ്നിരക്ഷാ സേന, ആരോഗ്യം, ജലവിഭവം, ഇറിഗേഷൻ, ദേവസ്വം, കെഎസ്ആർടിസി തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് കൺട്രോൾ റൂം പമ്പയിൽ പ്രവർത്തിക്കും.പോലീസ് ആസ്ഥാനത്തിലെ എഡിജിപി എസ്. ശ്രീജിത്ത്, തിരുവനന്തപുരം എറണാകുളം റേഞ്ച് ഡിഐജിമാരായ എസ്. അജീത ബീഗം, സതീഷ് ബിനോ, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ പൊലീസ് മേധാവിമാരായ ആനന്ദ് ആർ, സാബു മാത്യു കെ.എം, ഷാഹുൽ ഹമീദ് എ എന്നിവർ അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ നിലയ്ക്കലിൽ ചേർന്ന അവലോകന യോഗത്തിൽ പങ്കെടുത്തു.


