മണർകാട്: മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ ഉടമസ്ഥതയിലുള്ള സെൻ്റ് മേരീസ് ഹോസ്പിറ്റലിൽ ഡയാലിസിസ് ഡിപ്പാർട്ട്മെൻ്റ് ഇന്ന് പ്രവർത്തനം ആരംഭിച്ചു. യാക്കോബായ സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സിനഡിൻ്റെ സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഡോ. തോമസ് മോർ തീമോത്തിയോസ് തിരുമനസ്സിൻ്റെ കാർമ്മികത്വത്തിൽ ആണ് ഡയാലിസിസ് ഡിപ്പാർട്ട്മെൻ്റിൻ്റെ കൂദാശ കർമ്മം ഇന്ന് നിർവ്വഹിച്ചത്. ഡയാലിസിസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ആവശ്യകതയെ പറ്റിയും, സ്ഥാപനം രോഗികൾക്ക് അനുഗ്രഹകരമായി തീരട്ടെ എന്ന് ആശംസിച്ച് കൊണ്ടും അഭിവന്ദ്യ മെത്രാപ്പോലീത്താ പ്രസംഗിച്ചു. വെരി.റവ. കെ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്ത്, വെരി റവ.കുറിയാക്കോസ് ഏബ്രഹാം കോർഎപ്പിസ്കോപ്പാ കറുകയിൽ, റവ. ഫാ. ഗീവർഗീസ് നടുമുറിയിൽ, റവ.ഫാ. കുര്യൻ മാത്യു വടക്കെപ്പറമ്പിൽ, റവ.ഫാ.സനോജ് കുര്യൻ കരോട്ടെകുറ്റ്, റവ. ഫാ. ലിറ്റു ജേക്കബ് തണ്ടാശ്ശേരിൽ എന്നിവർ കൂദാശ കർമ്മത്തിന് സഹകാർമ്മികത്വം വഹിച്ചു. ഡയാലിസിസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉദ്ഘാടനം ബഹു. കേരളാ സഹകരണ, തുറമുഖ , ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി. എൻ. വാസവൻ അവർകൾ നേരത്തെ നിർവഹിച്ചിരുന്നു.
മണർകാട് ദേശത്തും സമീപപ്രദേശങ്ങളിലും ഡയാലിസിസ് ചികത്സ ആവശ്യമുള്ള രോഗികൾ ഇതുവരെയും ദൂരെയുള്ള ഹോസ്പിറ്റലുകളിലാണ് ചികത്സ തേടിയിരുന്നത്. എന്നാൽ അവർക്ക് സൗകര്യപ്രദവും ആശ്വാസകരവുമായിട്ടാണ് ഡയാലിസിസ് ഡിപ്പാർട്ടുമെൻ്റ് സെൻ്റ് മേരീസ് ഹോസ്പിറ്റലിൽ പുതിയതായി ആരംഭിച്ചിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശുപത്രിയുടെ വികസനത്തിൻ്റെ ഭാഗമായി നിരവധി നവീകരണ പ്രവർത്തികളും രോഗികൾക്ക് വിദഗ്ദ ചികത്സ ഉറപ്പാക്കുവാൻ തക്കവിധം അത്യാധുനിക മെഷീനറികൾ എന്നിവയും ക്രമീകരിക്കുവാനും ഈ വർഷത്തെ ഭരണസമിതിക്ക് സാധിച്ചിട്ടുണ്ട്. ഏകദ്ദേശം 2000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ആണ് ഡയാലിസിസ് വാർഡ് ക്രമീകരിച്ചിരിക്കുന്നത്. ആശുപത്രിയുടെ പഴയ ബ്ലോക്കിൻ്റെ ഗ്രൗണ്ട് ഫ്ലോറിലാണ് ഡയാലിസിസ് ഡിപ്പാർട്ട്മെൻ്റ് സജ്ജമാക്കിയത്.
ഒരേ സമയം 14 രോഗികൾക്ക് വരെ ഡയാലിസിസ് ചികത്സ നൽകുവാൻ തക്കവിധത്തിലുള്ള സ്ഥല സൗകര്യം ക്രമീകരിച്ചിരിച്ചിട്ടുണ്ട്. ഇതിനോടകം 14 ലക്ഷം രൂപാ സി എസ് ആർ ഫണ്ടിൽ നിന്നും അനുവദിച്ച് 2 ഡയാലിസിസ് മെഷീനുകൾ സൌത്ത് ഇൻഡ്യൻ ബാങ്കിൻ്റെ മണർകാട് ശാഖയും, 7 ലക്ഷം രൂപാ സി എസ് ആർ ഫണ്ടിൽ നിന്നും അനുവദിച്ച് ഒരു ഡയാലിസിസ് മെഷീൻ ഫെഡറൽ ബാങ്കിൻ്റെ മണർകാട് ശാഖയും ആശുപത്രിക്ക് സൗജന്യമായി നൽകിയിട്ടുണ്ട്.
കൂദാശ ചടങ്ങിൽ മണർകാട് പള്ളി ട്രസ്റ്റിമാർ, കത്തീഡ്രൽ സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ, ഇടവകാംഗങ്ങൾ, ഡോക്ടേർസ്, ആശുപത്രി സ്റ്റാഫ് എന്നിവർ സന്നിഹിതരായിരുന്നു. പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി ഹോസ്പിറ്റൽ സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ പ്രസംഗിച്ചു.


