കോട്ടയം: മാണിക്കുന്നത് മുൻ നഗരസഭ അംഗം വി.കെ അനിൽകുമാറും (ടിറ്റോ) മകനും ചേർന്നു യുവാവിനെ കുത്തിക്കൊന്നു. അനിൽകുമാറിന്റെ വീടിനു മുന്നിലാണ് യുവാവുമായി ഇവർ ഏറ്റുമുട്ടിയത്. സംഭവത്തിൽ കുത്തേറ്റ കറുകച്ചാൽ തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കൽ ഹൗസ് ആദർശ് (23) കൊല്ലപ്പെട്ടു. ഇയാളുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. ഇന്ന് പുലർച്ചെ നാലരയോടെ അനിൽകുമാറിന്റെ വീടിനു മുന്നിലായിരുന്നു കൊലപാതകം. വാക്ക് തർക്കത്തെ തുടർന്ന് അനിൽകുമാറും മകനും ചേർന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ കുത്തേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മുൻ വൈരാഗ്യത്തെ തുടർന്നാണ് ഇരുവരും ചേർന്ന് യുവാവിനെ ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ടിറ്റോയുടെ മകൻ നിരവധി കഞ്ചാവ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കോട്ടയം മാണിക്കുന്നത് മുൻ നഗരസഭ അംഗം വി.കെ അനിൽകുമാറും മകനും ചേർന്ന് യുവാവിനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന പുതുപ്പള്ളി സ്വദേശി; ടിട്ടോയുടെ മകൻ കഞ്ചാവും അടിപിടിയും അടക്കം നിരവധി കേസുകളിൽ പ്രതി


