തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ നിര്‍ണായക മൊഴിയെടുപ്പുമായി പ്രത്യേക അന്വേഷണ സംഘം. ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തി. ഇരുവരുടെയും എസ്ഐടി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. ശബരിമലയിലെ മുതിര്‍ന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി.
സ്വര്‍ണപ്പാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞതുപ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നൽകുകമാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴി നൽകിയത്. അന്വേഷണത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് തന്ത്രിമാരുടെ നിര്‍ണായക മൊഴിയെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദ്വാരപാലക ശിൽപ്പം സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് കള്ളമെന്നായിരുന്നു നേരത്തെ തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചിരുന്നത്. ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോകാൻ താൻ അനുമതി കൊടുത്തിട്ടില്ലെന്നും തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. ശിൽപ്പങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ഇങ്ങോട്ട് എഴുതി ചോദിച്ചതിന്‍റെ മറുപടി മാത്രമാണ് കൊടുത്തതെന്നും രാജീവര് വ്യക്തമാക്കിയിരുന്നു.
അടിഭാഗത്ത് മാത്രമാണ് കുറച്ചു മങ്ങൽ വന്നത്. ശബരിമലയിൽ വെച്ച് അറ്റകുറ്റപ്പണി നടത്താനാണ് താൻ അനുമതി കൊടുത്തത്. തന്ത്രി എന്ന നിലയിൽ ചെന്നൈയിൽ കൊണ്ടുപോകാൻ അനുമതി കൊടുത്തിരുന്നില്ല. സ്വർണം പൂശാൻ കൊണ്ടുപോയത് തന്റെ അനുമതി വാങ്ങാതെയാണ്. ഇപ്പോഴും സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോയത് തന്റെ അനുമതി ഇല്ലാതെയാണ്. കൂടാതെ എല്ലാം സ്വർണം തന്നെയാണ്, ചെമ്പല്ല. താൻ നൽകിയ കത്തുകളിൽ എല്ലാം സ്വർണ്ണം എന്നാണ് എഴുതിയിരിക്കുന്നത്. ദ്വാരപാലകശില്പങ്ങൾ ഉൾപ്പെടെ എല്ലാം സ്വർണമാണ്. 2019ൽ ആയാലും ഇപ്പോഴായാലും പുറത്തുകൊണ്ടുപോയി സ്വർണം പൂശാൻ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാറിനെ എസ്ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള പത്മകുമാറിന്‍റെ ഇടപാടുകളില്‍ വിശദമായ പരിശോധന നടത്തും. ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ നടത്തുന്ന വെളിപ്പെടുത്തൽ ഇനി നിര്‍ണ്ണായകമാണ്. ഭരണ നേതൃത്വത്തിലെ ഉന്നതര്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടോയെന്നതടക്കം കണ്ടെത്തണം. പത്മകുമാറിനൊപ്പം തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിലുണ്ടായിരുന്ന രണ്ട് അംഗങ്ങളുടെ മൊഴിയെടുത്തതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനായി പത്മകുമാര്‍ രേഖകളിൽ തിരുത്തൽ വരുത്തിയെന്നാണ് അംഗങ്ങളുടെ മൊഴി. ഇതാണ് പത്മകുമാറിന് തിരിച്ചടിയായത്.
സര്‍ക്കാരിന് ലഭിച്ച പോറ്റിയുടെ അപേക്ഷയാണ് ബോര്‍ഡിലേക്ക് നല്‍കിയതെന്ന പത്മകുമാറിന്‍റെ മൊഴിയിലും എസ്ഐടി കൂടുതല്‍ വ്യക്തത തേടും. കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്‍റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും.


