കൊച്ചി :ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം എൽ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തുറന്നുപറഞ്ഞ നടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജിനെതിരെ വധഭീഷണി. വടക്കൻ പറവൂരിലെ വീടിനു മുന്നിലെത്തി രണ്ടുപേർ വ്യത്യസ്ത സമയങ്ങളിൽ ഭീഷണി മുഴക്കിയതിനെ തുടർന്ന് റിനി ഇന്ന് രാവിലെയോടെ പോലീസിൽ പരാതി നൽകി.ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു ആദ്യസംഭവം.
ഒരു വ്യക്തി വീടിന്റെ ഗേറ്റ് തുറക്കാൻ ശ്രമിക്കുന്നത് വീട്ടുകാർ ശ്രദ്ധിച്ചതോടെ അയാൾ സ്കൂട്ടർ എടുത്ത് സ്ഥലം വിട്ടു. അതിന് പിന്നാലെ, പത്ത് മണിയോടെ മറ്റൊരാൾ വീടിനു മുന്നിലെത്തി “രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുതള്ളും” എന്നായിരുന്നു ഭീഷണി മുഴക്കിയത്. അസഭ്യവർഷങ്ങൾ ഉച്ചരിച്ച ശേഷം ഇയാളും ബൈക്ക് എടുത്തു പാഞ്ഞുപോയി. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ഇരുവരെയും തിരിച്ചറിയാനായില്ലെന്ന് റിനി പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ റിനി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. “ഇനിയും അതിജീവിതമാർ ഉണ്ടെന്നും അവർ നീതി തേടി മുന്നോട്ട് വരണം” എന്നായിരുന്നു റിനിയുടെ പരാമർശം. ഈ പ്രതികരണത്തിന് പിന്നാലെയാണ് ഭീഷണികൾ ശക്തമായത്.“ഇത്തരം ശ്രമങ്ങൾ തുടരുമെന്നുറപ്പ് ഉണ്ടെങ്കിലും ഭയമില്ല. നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്,” എന്ന് റിനി വ്യക്തമാക്കി.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.


